പുഷ്പയ്ക്കു ശേഷം അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രമാണ് 'AA22xA6'. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അര്‍ജുന്റെ ജന്മദിനത്തിലാണ് പ്രഖ്യാപിച്ചത്.
നിലവില്‍ ചിത്രത്തിന്റെ കാസ്റ്റിങ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ ആറ് നായികമാര്‍ ഉണ്ടാകുമെന്നാണ് 123തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീപിക പദുകോണ്‍ നായികയാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ജാന്‍വി കപൂറും മൃണാള്‍ ഠാക്കൂറും ചിത്രത്തിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
അതേസമയം ചിത്രത്തില്‍ ഒരു പ്രശസ്ത ഹിന്ദി നടനും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഫാന്റസിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനാണ് നിലവില്‍ നടക്കുന്നത്.
ഇന്ത്യയുടെ വികാരങ്ങളെയും സംസ്‌കാരത്തെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 500 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്. ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും.
ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ട്രിപിള്‍ റോളിലെത്തുമെന്നും സൂചനയുണ്ട്. പാരലല്‍ യൂണിവേഴ്സ്, ടൈം ട്രാവല്‍ എന്നിവയും സിനിമയില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന നിലവാരമുളള CGI, സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍ ആവശ്യമാണ്. ഇതിനായി ഹോളിവുഡിലെ മുന്‍നിര VFX സ്റ്റുഡിയോകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സൂചന.
2025 ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സണ്‍ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.