ആദ്യ തമിഴ് വെബ് സീരീസ് സംവിധാനം ചെയ്യാന്‍ രേവതി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന് വേണ്ടിയാണ് രേവതി വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. സമൂഹമാധ്യമത്തിലൂടെ രേവതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന വെബ് സീരീസിന്റെ ഡയറക്ടേഴ്‌സ് കോപി പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
'സംവിധായികയായി തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ട്. ഹോട്ട്‌സ്റ്റാറിന് വേണ്ടി ഒരു തമിഴ് വെബ് സീരീസാണ് സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ് രാമസ്വാമിയാണ് സീരീസിന്റെ സഹ സംവിധായകനും ഛായാഗ്രാഹകനും. ഒക്ടോബര്‍ 5ന് ചിത്രീകരണം ആരംഭിച്ചു. ഒരു സംവിധായിക എന്ന നിലയിലുള്ള ഊര്‍ജ്ജം വ്യത്യസ്തമാണ്. എനിക്ക് അത് വളരെ ഇഷ്ടമാണ്', എന്നാണ് രേവതി സമൂഹമാധ്യമത്തില്‍ കുറിച്ചത്.
മന്‍ വാസനൈ (1983) എന്ന ചിത്രത്തിലൂടെയാണ് രേവതി തമിഴ് സിനിമയിലേക്ക് അരങ്ങേറുന്നത്. പിന്നീട് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മിത്ര്-മൈ ഫ്രണ്ട് (2002) എന്ന ചിത്രത്തിലൂടെ അവര്‍ സംവിധായകിയായി മാറുകയും ചെയ്തു. തേവര്‍ മകനിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം തമിഴില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും രേവതി തമിഴില്‍ സംവിധാനം ചെയ്തിട്ടില്ല. അതിന് ഒരു മാറ്റമാണ് ഈ പുതിയ വെബ് സീരീസിലൂടെ വരാന്‍ പോകുന്നത്.