ഇന്ത്യ ഛത്രപതി ശിവാജി മഹാരാജിന്റെ 395-ആം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, വരാനിരിക്കുന്ന ചരിത്ര ചിത്രമായ 'ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' ന്റെ നിര്‍മാതാക്കള്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിവിട്ടു. ഋഷഭ് ഷെട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍, ശക്തി, ഭക്തി, ധൈര്യം എന്നിവ പ്രദര്‍ശിപ്പിക്കുന്ന മറാത്ത ഭരണാധികാരിയായാണ് ഷെട്ടിയെ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
'ഛത്രപതി ശിവാജി മഹാരാജിന്റെ പവിത്രമായ ജന്മവാര്‍ഷികത്തില്‍, എന്റെ ഹൃദയം ബഹുമാനവും ഉത്തരവാദിത്തവും കൊണ്ട് നിറഞ്ഞിരിക്കുന്നു. അദ്ദേഹം വെറുമൊരു യോദ്ധാവ് മാത്രമായിരുന്നില്ല, മറിച്ച് ധൈര്യത്തിന്റെയും ജ്ഞാനത്തിന്റെയും ഭക്തിയുടെയും ഒരു ദീപസ്തംഭമായിരുന്നു. സ്‌ക്രീനില്‍ അദ്ദേഹത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുക എന്നത് ഒരു ദൈവവിളിയാണ്, വാക്കുകള്‍ക്കപ്പുറം എന്നെ വിനീതനാക്കുന്ന ഒരു യാത്ര. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത പൈതൃകത്തോട് നീതി പുലര്‍ത്താനും ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ മരിക്കാത്ത ധീരതയുടെ അഗ്‌നി അനുഭവിക്കാനും കഴിയട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' എന്ന് ഋഷഭ് ഷെട്ടി പറഞ്ഞു. 2027 ജനുവരി 21 നാണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.
രാം ലീല, ടോയ്ലറ്റ് : ഏക് പ്രേം കഥാ എന്നീ ഹിറ്റ് ചിത്രങ്ങൾ എഴുതിയ സിദ്ധാർഥ് - ഗരിമ കൂട്ടുകെട്ടിൽ പിറന്ന ചിത്രത്തിൻ്റെ തിരകഥ സംവിധാനം ചെയ്യുന്നത് സന്ദീപ് സിങ് ആണ്. റസൂൽ പൂക്കുട്ടി ചിത്രത്തിൻ്റെ സൗണ്ട് ഡിസൈൻ നിർവഹിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
അതേസമയം, ഷെട്ടിക്ക് മറ്റ് രണ്ട് പ്രോജക്ടുകള്‍ കൂടിയുണ്ട്. പ്രശാന്ത് വര്‍മ്മയുടെ 'ജയ് ഹനുമാന്‍' എന്ന ചിത്രത്തില്‍ താരം ഹനുമാന്റെ വേഷത്തിലാണ് എത്തുന്നത്. അദ്ദേഹത്തിന്റെ ഹിറ്റ് സൂപ്പര്‍ഹീറോ ചിത്രമായ 'ഹനുമാന്‍' എന്ന സിനിമയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. ഇതിനുപുറമെ, അദ്ദേഹം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന 'കാന്താര: ചാപ്റ്റര്‍ 2' എന്ന ചിത്രവും അണിയറയില്‍ പുരോഗമിക്കുന്നു. ഈ ചിത്രം ഈ വര്‍ഷം അവസാനം 2025 ഒക്ടോബര്‍ 2 ന് റിലീസ് ചെയ്യും.