MOVIES

ആര്‍.കെ ലക്ഷ്മണിന്‍റെ പ്രശസ്തമായ കാര്‍ട്ടൂണ്‍ എന്തുകൊണ്ട് ഇന്ത്യന്‍ രണ്ടാം ഭാഗത്തില്‍; സംവിധായകന്‍ ശങ്കര്‍

യൂട്യൂബില്‍ തരംഗമായി മാറിയ സിനിമയുടെ ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ട ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തില്‍ പ്രേക്ഷകരുടെ കണ്ണുടക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യന്‍ 2' ജൂലൈ 12 ന് തിയേറ്ററുകളിലെത്തുകയാണ്. ഇന്ത്യയൊട്ടാകെ നടന്ന പ്രമോഷന്‍ ഇവന്‍റുകള്‍ക്ക് ശേഷം സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. യൂട്യൂബില്‍ തരംഗമായി മാറിയ സിനിമയുടെ ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ട ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തില്‍ പ്രേക്ഷകരുടെ കണ്ണുടക്കിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സംവിധായകന്‍ ശങ്കറിനോട് മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു.

ഇന്ത്യയിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റായ ആര്‍.കെ ലക്ഷ്മണ്‍ പ്രശസ്തമാക്കിയ 'കോമണ്‍മാന്‍' എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ശങ്കര്‍ വ്യക്തമാക്കി. 1951 മുതല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധകരിച്ചിരുന്ന കോമണ്‍മാന്‍, സമൂഹത്തിലെ വിവിധ പ്രശ്നങ്ങളെയും രാഷ്ട്രീയ സംഭവ വികാസങ്ങളെയും ആക്ഷേപഹാസ്യ രൂപത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാര്‍ട്ടൂണ്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഷണ്ടി തലയും വട്ട കണ്ണടയും കട്ടി മീശയുമായി വരുന്ന കോമണ്‍മാന്‍ എന്ന കഥാപാത്രത്തെ ഇന്ത്യന്‍ രണ്ടാം ഭാഗത്തിന്‍റെ കഥപറയാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ശങ്കര്‍ പറഞ്ഞു. ത്രീഡി അനിമേഷനില്‍ സൃഷ്ടിച്ചെടുത്ത കോമണ്‍മാന്‍റെ രൂപത്തിനായി നടന്‍ ഗുരുസോമസുന്ദരത്തിന്‍റെ ശരീരവും ശബ്ദവുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ശങ്കര്‍ വ്യക്തമാക്കി. തന്‍റെ മുഖം വരില്ലെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം ആ കഥാപാത്രം ചെയ്യാന്‍ തയാറായെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

1988-ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ 150-ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് പുറത്തിറക്കിയ സ്റ്റാംപില്‍ കോമണ്‍മാന്‍ ഇടംപിടിച്ചിരുന്നു.ആര്‍.കെ ലക്ഷ്മണിന്‍റെ 94-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഗൂഗിള്‍ ഡൂഡിലായും കോമണ്‍മാന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയിലെ ചെലവുകുറഞ്ഞ വിമാന സര്‍വീസായിരുന്ന എയര്‍ ഡെക്കാന്‍റെ ഭാഗ്യമുദ്രയായി കോമണ്‍മാന്‍റെ രൂപമായിരുന്നു ഉപയോഗിച്ചിരുന്നത്.

SCROLL FOR NEXT