റോബര്‍ട്ട് ഡൗണി ജൂനിയര്‍ 
MOVIES

നീങ്ക നല്ലവരാ കെട്ടവരാ?; അയണ്‍മാന്‍ ഇനി ഡോക്ടര്‍ ഡൂം; റോബര്‍ട്ട് ഡൗണി ജൂനിയര്‍ എംസിയുവിലേക്ക് തിരിച്ചെത്തുന്നു

ഫന്റാസ്റ്റിക് ഫോറിലെ വില്ലന്‍ കഥാപാത്രമായ ഡോക്ടര്‍ ഡൂമിനെയാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

അയണ്‍ മാനായി ആരാധക മനസില്‍ ഇടം നേടിയ റോബര്‍ട്ട് ഡൗണി ജൂനിയര്‍ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരിച്ചെത്തുന്നു. മാര്‍വല്‍ സ്റ്റുഡിയോസിന്റെ പുതിയ ചിത്രമായ അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേയിലൂടെയാണ് റോബട്ട് ഡൗണി ജൂനിയര്‍ തിരിച്ചെത്തുന്നത്.

ഫന്റാസ്റ്റിക് ഫോറിലെ വില്ലന്‍ കഥാപാത്രമായ ഡോക്ടര്‍ ഡൂമിനെയാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിക്കുന്നത്. അയണ്‍മാന്‍ എന്ന സൂപ്പര്‍ ഹീറോയായി തിളങ്ങിയ റോബര്‍ട്ട് ഡൂംസ്‌ഡേയില്‍ പ്രതിനായകനായിട്ടായിരിക്കും എത്തുക എന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 2026 മെയിലായിരിക്കും ചിത്രം തിയേറ്ററുകളിലേക്കെത്തുക.

2027ല്‍ പുറത്തിറങ്ങുന്ന അവഞ്ചേഴ്‌സ്: സീക്രട്ട് വാര്‍സ് എന്ന ചിത്രത്തിലും ഡോക്ടര്‍ ഡൂം ആയി റോബര്‍ട്ട് തന്നെയായിരിക്കും എത്തുക.

റൂസോ സഹോദരന്മാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ കഥാപാത്രം ചെയ്യുന്നതിന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഭിനേതാവിനെയാണ് ഞങ്ങള്‍ക്ക് ആവശ്യം അതുകൊണ്ട് തന്നെ വിക്ടര്‍ വോണ്‍ ഡൂമായി എത്തുന്നയാളെ നിങ്ങള്‍ക്ക് മുന്നില്‍  അവതരിപ്പിക്കുന്നു എന്ന് പറഞ്ഞാണ് സംവിധായകരിലൊരാളായ ജോ റൂസോ റോബര്‍ട്ടിനെ വേദിക്ക് മുന്നിലേക്ക് ക്ഷണിക്കുന്നത്.

വേദിയിലെ നിറയെ മുഖംമൂടി ധരിച്ചവര്‍ക്കിടയില്‍ റോബര്‍ട്ടും സമാനമായി മുഖംമൂടി ധരിച്ചുകൊണ്ടാണ് നിന്നിരുന്നത്. തുടര്‍ന്ന് വേദിക്ക് മുന്നിലെത്തിയ റോബര്‍ട്ട് മുഖംമൂടിയഴിച്ച് സ്വയം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ചില സമയങ്ങളില്‍ തനിക്ക് വളരെ സങ്കീര്‍ണമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ് എന്നാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ ഇതിന് പിന്നാലെ പ്രതികരിച്ചത്. പുതിയ മാസ്‌ക് ആണെങ്കിലും അതേ ടാസ്‌ക് ആണെന്നും റോബര്‍ട്ട് പറഞ്ഞു.

അയണ്‍ മാന്‍ എന്ന ചിത്രത്തിലെ ശാസ്ത്രജ്ഞനായ ടോണി സ്റ്റാര്‍ക്കായാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെത്തുന്നത്. തുടര്‍ന്ന് അവഞ്ചേഴ്‌സിലെ സുപ്രധാന കഥാപാത്രങ്ങളിലൊന്നായി പരിണമിക്കുന്ന അയണ്‍മാന്‍, എന്‍ഡ് ഗെയിമിലൂടെയാണ് അവസാനിക്കുന്നത്. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറും എന്‍ഡ് ഗെയിമും സംവിധാനം ചെയ്ത അതേ സംവിധായകര്‍ തന്നെയാണ് ഡൂംസ്‌ഡേയും സംവിധാനം ചെയ്യുന്നത്.

SCROLL FOR NEXT