എസ്.എസ്. രാജമൗലി, മമ്മൂട്ടി ചിത്രം മായാബസാർ Source: X
MOVIES

രാജമൗലിയുടെ ഇഷ്ട സിനിമ 'മായാബസാർ'; പക്ഷേ മമ്മൂട്ടി ചിത്രമല്ല

മമ്മൂട്ടിയുടെ പരാജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 2008ല്‍ ഇറങ്ങിയ 'മായാബസാർ'

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച കൊമേഷ്യല്‍ സംവിധായകരുടെ പട്ടികയെടുത്താന്‍ അതില്‍ മുന്‍പന്തിയില്‍ തെലുങ്ക് സംവിധായകന്‍ എസ്.എസ്. രാജമൗലി ഉണ്ടാകും. അതുപോലെ മുന്‍നിര സിനിമാ നിരൂപകരുടെ പട്ടികയില്‍ ഭരദ്വാജ് രംഗനും. ഒരു പഴയ രാജമൗലി- ബിആർ അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.

രാജമൗലി സംവിധാനം ചെയ്ത 'ആർആർആർ' എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന അഭിമുഖത്തിലെ ഒരു പ്രത്യേക ഭാഗമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. എക്കാലത്തെയും ഇഷ്ടപ്പെട്ട സിനിമകളെന്തൊക്കെ എന്ന ചോദ്യത്തിന് രാജമൗലി പറയുന്ന ചിത്രങ്ങളില്‍ ഒന്ന് 'മായാബസാർ' ആണ്. എന്നാല്‍ വർഷം കുറച്ച് കഴിഞ്ഞപ്പോള്‍, രാജമൗലിക്ക് ഇഷ്ടം മമ്മൂട്ടിയുടെ 'മായാബസാർ' എന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രത്യക്ഷമായി.

മമ്മൂട്ടിയുടെ പരാജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 2008ല്‍ ഇറങ്ങിയ 'മായാബസാർ'. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടി ആരാധകരെ ഏറെ നിരാശരാക്കിയ സിനിമയാണ്. അതുകൊണ്ട് തന്നെ രാജമൗലിയുടെ നാവില്‍ നിന്ന് 'മായാബസാർ' എന്ന് കേട്ടതോടെ ചില സൈബർ ഹാന്‍ഡിലുകള്‍ സിനിമയെ വീണ്ടും വിമർശിച്ചും ട്രോളിയും രംഗത്തെത്തി.

എന്നാല്‍, രാജമൗലി പറഞ്ഞ 'മായാബസാർ' മലയാളം സിനിമ അല്ല എന്നതാണ് യാഥാർഥ്യം. 1957ല്‍ ഇറങ്ങിയ തെലുങ്ക് ചിത്രം 'മായാബസാറാ'ണ് സംവിധായകന്റെ ഇഷ്ട സിനിമകളില്‍ ഒന്ന്. എന്‍ടിആറും സാവിത്രിയും അഭിനയിച്ച സിനിമയ്ക്ക് ക്ലാസിക്ക് പദവിയാണുള്ളത്. ഇന്ത്യന്‍ സിനിമയിലേക്ക് വിഎഫ്എക്സ് വരും മുന്‍പാണ് കെ.വി. റെഡ്ഢി ഈ അതിശയ ചിത്രം ഒരുക്കിയത്. 500ഓളം സാങ്കേതികവിദഗ്ധരെ ഉപയോഗിച്ചാണ് മഹാഭാരത കഥയെ ആസ്പദമാക്കിയുള്ള തെലുങ്ക് നാടോടിക്കഥയായ ശശി രേഖ പരിണയത്തിന് ഇത്തരം ഒരു ഭാഷ്യം റെഡ്ഢി ചമച്ചത്. അഭിമന്യുവും ബലരാമന്റെ മകള്‍ ശശിരേഖയും തമ്മിലുള്ള വിവാഹമാണ് കഥാപശ്ചാത്തലം. വാഹിനി സ്റ്റുഡിയോസ് ആയിരുന്നു ഈ ഇതിഹാസം സിനിമയുടെ നിർമാണം.

SCROLL FOR NEXT