ബോളിവുഡ് ചിത്രം റെയ്‌സ് 4ന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് നിര്‍മാതാവ് രമേഷ് തൗരാനി. റെയ്‌സ് 4ല്‍ സെയ്ഫ് അലി ഖാനായിരിക്കും കേന്ദ്ര കഥാപാത്രമായി എത്തുക എന്നാണ് പുതിയ അപ്‌ഡേറ്റ്. ഫ്രാഞ്ചൈയിസിന്റെ ആദ്യ രണ്ട് ഭാഗങ്ങളിലും സെയ്ഫ് അലി ഖാന്‍ തന്നെയായിരുന്നു കേന്ദ്ര കഥാപാത്രം. എന്നാല്‍ മൂന്നാം ഭാഗം ചെയ്തത് സല്‍മാന്‍ ഖാന്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേക്ക് വീണ്ടും തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് സെയ്ഫ് അലി ഖാന്‍. 2025ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നിര്‍മാതാവ് അറിയിച്ചു.
'റെയ്‌സ് ഫ്രാഞ്ചൈസിലേക്ക് സെയ്ഫ് അലി ഖാന്‍ തിരിച്ചെത്തുകയാണ്. അതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ആദ്യ രണ്ട് സിനിമകളിലും സെയ്ഫ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ചിത്രത്തില്‍ മികച്ച അഭിനേതാക്കള്‍ തന്നെയായിരിക്കും ഉണ്ടായിരിക്കുക. നിലവില്‍ തിരക്കഥയും കാസ്റ്റിംഗും അന്തിമ ഘട്ടത്തിലാണ്. എന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്ന് ഞങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കും. അടുത്ത വര്‍ഷം തന്നെ തുടങ്ങാനാണ് സാധ്യത', എന്നാണ് നിര്‍മാതാവ് രമേഷ് തൗരാനി പിടിഐയോട് പറഞ്ഞത്.
2008ലാണ് റെയ്‌സ് ഫ്രാഞ്ചൈസിന്റെ തുടക്കം. അക്ഷയ് ഖന്ന, സെയ്ഫ് അലി ഖാന്‍ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. രണ്‍വീര്‍, രാജീവ് എന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. പിന്നീട് 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും സെയ്ഫ് കേന്ദ്ര കഥാപാത്രമായിരുന്നു. ചിത്രത്തില്‍ വില്ലനായി എത്തിയത് ജോണ്‍ എബ്രഹാമായിരുന്നു. രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം കൈവരിച്ചിരുന്നു. അതുപോലെ തന്നെ മികച്ച പ്രേക്ഷക-നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.