രാജേഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം 'ഹരിവരാസനം' പ്രഖ്യാപിച്ചു. പ്രമുഖ നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അജിത് വിനായക ഫിലിംസിന്റെ അജിത് വിനായക, പനോരമ സ്റ്റുഡിയോസിന്റെ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് അമ്പാടി കെ. ആണ്. മകൾക്ക് തന്നിലുള്ള നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഒരു പിതാവാണ് ചിത്രത്തിന്റെ കഥാകേന്ദ്രം.
സൈജു കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ യോഗി ബാബു, ബേബി ഈവ, സിതാര വിജയൻ, സമ്പത്ത് രാജ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ ജോയ് മാത്യു, മണിയൻപിള്ള രാജു, ശ്യാമപ്രസാദ്, മധുപാൽ, ടി. ജി. രവി, അഭിറാം എന്നിവരും അഭിനയിക്കുന്നു. രഞ്ജിൻ രാജാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.
'എസ്കേപ്പ് ഫ്രം ഉഗാണ്ട', 'സാൾട്ട് മാംഗോ ട്രീ', 'തൃശ്ശൂർ പൂരം', 'മഹാദേവ് കാ ഗോരഖ്പൂർ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് നായരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. "ജീവിതത്തോടുള്ള വളരെ വ്യത്യസ്തമായ രണ്ട് കാഴ്ചപ്പാടുകൾ—വിശ്വാസവും യുക്തിയും—ഒന്നിക്കുന്ന കഥയാണിത്. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിലൂടെ ഇത് പര്യവേക്ഷണം ചെയ്യുന്നു എന്നതും, ഒരു പ്രത്യേക ലക്ഷ്യത്തോടെ ആരംഭിക്കുന്ന യാത്ര എങ്ങനെ കൂടുതൽ ആഴത്തിലുള്ള തിരിച്ചറിവുകളിലേക്ക് നയിക്കുന്നു എന്നതുമാണ് എന്നെ ആകർഷിച്ചത്. ശബരിമലയുടെ പശ്ചാത്തലം കഥയ്ക്ക് വേറിട്ട ഒരു വൈകാരികവും ആത്മീയവുമായ തലം നൽകുന്നു, അതേസമയം ത്രില്ലർ ഘടകങ്ങൾ പ്രേക്ഷകരെ ആകർഷിച്ചു നിർത്തും. ആഗോളതലത്തിൽ ഏവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന വൈകാരിക പശ്ചാത്തലമുള്ള ഈ ചിത്രത്തിൽ പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും പങ്കാളികളാകുന്നതിൽ സന്തോഷമുണ്ട്," സംവിധായകൻ രാജേഷ് നായർ പറഞ്ഞു.
'ഓംകാര', 'സ്പെഷ്യൽ 26', 'പ്യാർ കാ പഞ്ച്നാമ', ' റെയ്ഡ്', 'ഷൈത്താൻ', 'ദൃശ്യം' ഫ്രാഞ്ചൈസി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഇന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. മലയാളത്തിൽ റഹ്മാൻ, ഭാവന എന്നിവർ അഭിനയിച്ച 'അനോമി', ആസിഫ് അലിയുടെ 'ടിക്കി ടാക്ക', കുഞ്ചാക്കോ ബോബൻ, ലിജോമോൾ ജോസ് എന്നിവരുടെ 'ഉന്മാദം' എന്നീ ചിത്രങ്ങൾക്ക് പുറമേ ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, സംഗീത് പ്രതാപ്, അന്ന ബെൻ എന്നിവരുടെ ചിത്രങ്ങളിലും പനോരമ സ്റ്റുഡിയോസ് പങ്കാളികളാകുന്നുണ്ട്.
'സാറ്റർഡേ നൈറ്റ്', 'മദനോത്സവം', 'ബാന്ദ്ര', 'ഗഗനചാരി', 'പൊന്മാൻ', 'സർക്കീട്ട്', 'മസ്തിഷ്ക മരണം' തുടങ്ങിയ വൈവിധ്യമാർന്ന ചിത്രങ്ങൾ നിർമിച്ച ബാനറാണ് അജിത് വിനായക ഫിലിംസ്. വിശ്വാസം, യുക്തി, അജ്ഞാതമായ കാര്യങ്ങൾ എന്നിവ തമ്മിലുള്ള സങ്കീർണമായ ബന്ധം തുറന്നുകാട്ടുന്ന 'ഹരിവരാസനം' പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവമായിരിക്കും സമ്മാനിക്കുക എന്നാണ് അറിയാനാകുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയും കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടും.