MOVIES

സൽമാൻ ഖാൻ ഫാൻസിൻ്റെ സഹായത്തോടെ സിക്കന്ദറിൻ്റെ വ്യാജ പതിപ്പിൻ്റെ ലിങ്കുകൾ നീക്കി; നിയമനടപടിയുമായി നിർമാതാക്കൾ

3,000ത്തിലധികം വ്യാജ പതിപ്പ് ലിങ്കുകൾ നീക്കം ചെയ്യാനാണ് ആരാധകർ ടീമിനെ സഹായിച്ചത്

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ്റെ ചിത്രമായ 'സിക്കന്ദർ' റിലീസ് ചെയ്തതിന് പിന്നാലെ പുറത്തുവന്ന വ്യാജ പതിപ്പിൻ്റെ  ലിങ്കുകൾ നീക്കം ചെയ്തു. സൽമാൻ ഖാൻ്റെ ആരാധകരുടെ സഹായത്തോടെയാണ് വ്യാജ പതിപ്പിൻ്റെ ലിങ്കുകൾ നീക്കം ചെയ്തത്. 3,000ത്തിലധികം വ്യാജ പതിപ്പ് ലിങ്കുകൾ നീക്കം ചെയ്യാനാണ് ആരാധകർ ടീമിനെ സഹായിച്ചത്. വ്യാജ പതിപ്പുകൾ പുറത്തുവന്നതിന് പിന്നാലെ സിക്കന്ദറിൻ്റെ നിർമാതാക്കൾ നിയമനടപടിയുമായി രംഗത്തെത്തി. പരാതിയെ തുടർന്ന് സൈബർ സെൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ഐപി അഡ്രസുകൾ ട്രാക്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്.



ടൈഗർ 3 ന് ശേഷം സൽമാൻ ഖാൻ വീണ്ടും സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് സിക്കന്ദർ. സിനിമയുടെ നിരവധി പ്രിൻ്റുകൾ വിവിധ ഹാൻഡിലുകളിൽ ഡൗൺലോഡ് ചെയ്യും വിധം ലഭ്യമായിരുന്നു. കൂടാതെ എക്‌സിലും ചിത്രത്തിൻ്റെ എച്ച്ഡി പതിപ്പ് പ്രത്യക്ഷപ്പെട്ടു. ഇതുപോലെ വ്യാജപതിപ്പുകൾ ഇറങ്ങുന്നത് ചിത്രത്തിൻ്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെ സാരമായി ബാധിക്കും. തിയേറ്ററുകൾക്കുള്ളിലെ കാംകോർഡർ റെക്കോർഡിങ്ങുകളിൽ നിന്നാണ് ചോർച്ച ഉണ്ടായതെന്നാണ് സൂചന.

ഓൺലൈനിൽ വ്യാജ പകർപ്പുകളുടെ വ്യാപനം തടയുന്നതിനായി സൽമാൻ ഖാനും സാജിദും സൈബർ സുരക്ഷാ ടീമുമായും, നിയമ ഉപദേഷ്ടാക്കൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായി പ്രവർത്തിക്കുന്നുവെന്നും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. “ചോർച്ചയുടെ യഥാർഥ ഉറവിടം അജ്ഞാതമായി തുടരുകയാണ്. ആദ്യ ദിവസം 26 കോടി രൂപ കളക്ഷനാണ് സിക്കന്ദർ നേടിയത്.

സല്‍മാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ താരനിര സിക്കന്ദറില്‍ അണിനിരക്കുന്നുണ്ട്. സാജിദ് നദിയാദ്വാലയുടെ സാജിദ് നദിയാദ്വാല ഗ്രാന്റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സല്‍മാന്‍ ഖാന്റെ ഇന്‍ട്രൊ സീനാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനായ എ ആര്‍ മുരുഗദോസ് പറഞ്ഞിരുന്നു.

SCROLL FOR NEXT