'മാതൃഭൂമി' സിനിമ 
MOVIES

സെൻസർ കടമ്പ കടക്കാൻ 'മാതൃഭൂമി'യുടെ ക്ലൈമാക്സ് മാറ്റി; 'രാമായണ'യ്‌ക്കൊപ്പം ക്ലാഷ് റിലീസിന് ഒരുങ്ങി സൽമാൻ ചിത്രം? റിപ്പോർട്ട്

2020 ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലാണ് സിനിമയുടെ പ്രമേയം

Author : ന്യൂസ് ഡെസ്ക്

ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ ആസ്പദമാക്കി ഒരുക്കിയ സൽമാൻ ഖാൻ ചിത്രം 'മാതൃഭൂമി' സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഈ ആഴ്ച കാണും. സെൻസർ പരിശോധനയ്ക്ക് മുന്നോടിയായി ചിത്രത്തിൽ വീണ്ടും ചില വലിയ മാറ്റങ്ങൾ വരുത്തിയതായാണ് റിപ്പോർട്ട്. സിനിമയുടെ ക്ലൈമാക്സും സൽമാൻ കഥാപാത്രത്തിന്റെ ആർക്കും മാറ്റിയെന്നാണ് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നത്. സെൻസർ സർട്ടിഫിക്കറ്റ് നേടി, ദീപാവലി അല്ലെങ്കിൽ ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് നിർമാതാക്കൾ.

അപൂർവ ലാഖിയ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് പലകുറി മാറ്റിയിരുന്നു. ഈദിന് മുന്നോടിയായി ഏപ്രിൽ 17ന് 'മാതൃഭൂമി' തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട്, ഈ റിലീസ് തീയതി മാറ്റി. ചിത്രം ഓഗസ്റ്റിൽ തിയേറ്ററുകളിൽ എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം, ചിത്രം ദീപാവലി റിലീസ് ആയി നവംബറിൽ എത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ നിതേഷ് തിവാരിയുടെ ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുമായിട്ടാകും സൽമാൻ ഖാൻ ചിത്രത്തിന്റെ ക്ലാഷ് റിലീസ്. നവംബർ ആറിനാണ് 'രാമായണ: പാർട്ട് 1' റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

'മാതൃഭൂമി' സിനിമയുടെ പ്രമേയം ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി റിലീസ് തടയുകയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇത്തരം റിപ്പോർട്ടുകൾ വെറും ഉഹാപോഹങ്ങളാണെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈസിനോട് പറയുന്നത്.

മുൻപ് 'ബാറ്റിൽ ഓഫ് ഗൽവാൻ' എന്ന് പേരിട്ടിരുന്ന ചിത്രത്തിലെ ചൈനാ വിരുദ്ധ പരാമർശങ്ങളെച്ചൊല്ലിയുള്ള എതിർപ്പുകളെ തുടർന്ന് ചില ഭാഗങ്ങൾ വീണ്ടും ചിത്രീകരിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, സർക്കാർ ഈ സിനിമ ഒരു ഘട്ടത്തിലും തടഞ്ഞുവച്ചിട്ടില്ലെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറയുന്നത്.

"ചിത്രം ഈ ആഴ്ച സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പരിശോധിക്കും. ചിത്രത്തിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സൽമാൻ ഖാന്റെ സിനിമകൾ സാധാരണയായി ഫാമിലി എന്റർടെയ്‌നറുകൾ ആയതിനാൽ സെൻസർ ബോർഡിൽ നിന്ന് വലിയ എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ല. അനുമതി ലഭിച്ചുകഴിഞ്ഞാൽ, ദീപാവലിക്കോ ക്രിസ്മസിനോ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്," സിനിമയോട് അടുത്ത വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി.

2020 ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. 20 ഇന്ത്യൻ സൈനികരാണ് ഈ പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്. 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസറായ കേണൽ സന്തോഷ് ബാബുവായാണ് സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

സൽമാൻ ഖാന്റെ 60ാം ജന്മദിനത്തോടനുബന്ധിച്ച് 2025 ഡിസംബർ 27ന് സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയുള്ള ഗ്ലോബൽ ടൈംസ് പോലുള്ള മാധ്യമങ്ങൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിനിമ വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നായിരുന്നു വിമർശനം.

ചിത്രാംഗത സിംഗ് ആണ് ചിത്രത്തിലെ നായിക. അഭിലാഷ് ചൗധരി, അങ്കുർ ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിമേഷ് രേഷമ്മിയ ആണ് ചിത്രത്തിന്റെ സംഗീതം. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ സൽമാൻ ഖാൻ ആണ് 'മാതൃഭൂമി' നിർമിച്ചിരിക്കുന്നത്.

SCROLL FOR NEXT