'മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്' സിനിമ 
MOVIES

സൽമാൻ ഖാൻ ചിത്രത്തിന്റെ ടൈറ്റിലിൽ മാറ്റം; 'ബാറ്റിൽ ഓഫ് ഗാൽവാൻ' ഇനി 'മാതൃഭൂമി'

അപൂർവ ലാഖിയ ആണ് 'മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്' എന്ന ചിത്രത്തിന്റെ സംവിധാനം

Author : ന്യൂസ് ഡെസ്ക്

ഗാൽവാൻ താഴ്വരയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ ആസ്പദമാക്കി ഒരുക്കിയ സൽമാൻ ഖാൻ ചിത്രം 'ബാറ്റിൽ ഓഫ് ഗാൽവാന്റെ' പേരിൽ മാറ്റം. 'മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്' എന്നാണ് പുതിയ ടൈറ്റിൽ. സൽമാനാണ് പുതിയ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.

അപൂർവ ലാഖിയയാണ് ചിത്രത്തിന്റെ സംവിധാനം. 2020 ജൂൺ 15ന് ഗാൽവാൻ താഴ്വരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. 20 ഇന്ത്യൻ സൈനികരാണ് ഈ പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്. 16 ബിഹാർ റെജിമെന്റിന്റെ കമാൻഡിങ് ഓഫീസറായ കേണൽ സന്തോഷ് ബാബുവായാണ് സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. 'യുദ്ധം അവസാനിക്കട്ടെ' എന്ന പുതിയ ടാഗ്‌ലൈനുമായാണ് ചിത്രം എത്തുന്നത്.

സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയുള്ള ഗ്ലോബൽ ടൈംസ് പോലുള്ള മാധ്യമങ്ങൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വസ്തുതകളെ വളച്ചൊടിക്കുന്നുവെന്നായിരുന്നു വിമർശനം. ഇന്ത്യ-ചൈന ബന്ധത്തിലെ നയതന്ത്രപരമായ വശങ്ങൾ പരിഗണിച്ചും, അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകൾ ഒഴിവാക്കാനുമാണ് ഈ പുനർനാമകരണം എന്നാണ് റിപ്പോർട്ടുകൾ.

ചിത്രാംഗത സിംഗ് ആണ് ചിത്രത്തിലെ നായിക. അഭിലാഷ് ചൗധരി, അങ്കുർ ഭാട്ടിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹിമേഷ് രേഷമ്മിയ ആണ് ചിത്രത്തിന്റെ സംഗീതം. ഏപ്രിൽ 26ന് ആഗോളതലത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തും.

SCROLL FOR NEXT