കൊച്ചി: സമാന്ത റൂത്ത് പ്രഭുവിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'മാ ഇൻടി ബംഗാര'ത്തിന്റെ ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി. 'സിറ്റാഡൽ: ഹണ്ണി ബണ്ണി', 'ദ ഫാമിലി മാൻ സീസൺ 2' എന്നീ ആമസോൺ സീരീസുകളിലൂടെ ആക്ഷകൻ താര പരിവേഷം നേടിയ സമാന്തയുടെ തീർത്തും വ്യത്യസ്തമായ മറ്റൊരു കഥാപാത്രമാകും സിനിമയിലേത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സ്റ്റണ്ട് ആർട്ടിസ്റ്റുകളെ ഉപയോഗിക്കാതെ നടി തന്നെയാണ് സിനിമയിലെ ആക്ഷൻ രംഗങ്ങൾ അഭിനയിച്ചിരിക്കുന്നത്.
ഹിമന്ത് ദിവ്വുരു, സമാന്ത, പങ്കാളി രാജ് നിദിമോരു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. രാജ് നിദിമോരു തന്നെയാണ് സിനിമയുടെ ക്രിയേറ്റർ. ബി.വി. നന്ദിനി റെഡ്ഡി ആണ് സംവിധാനം. 'ഓ! ബേബി' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 'മാ ഇൻടി ബംഗാരം'. ഗുൽഷൻ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ.
ഓം പ്രകാശ് ആണ് സിനിമയുടെ ഛായാഗ്രഹണം. സന്തോഷ് നാരായണൻ സംഗീതം ഒരുക്കുന്നു. രാജ് നിദിമോരു, വസന്ത് മാരിംഗന്തി എന്നിവർ ചേർന്നാണ് രചന. എഡിറ്റിങ്: ധർമേന്ദ്ര കകരാല, പ്രൊഡക്ഷൻ ഡിസൈൻ: ഉല്ലാസ് ഹൈദൂർ, വിഷ്വൽ ഇഫക്ട്സ് (VFX): നിഖിൽ കോടൂരു (സൂപ്പർവൈസർ), സൗണ്ട് ഡിസൈൻ: വന്ദന രാമകൃഷ്ണ, വരുൺ അർസിദ്, കോസ്റ്റ്യൂം ഡിസൈൻ: പല്ലവി സിംഗ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ലീ വിറ്റേക്കർ, ഫൈറ്റ് മാസ്റ്റർ മാർവൽ നടരാജ് എന്നിവർ ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.