സമാന്ത രൂത്ത് പ്രഭു Source : X
MOVIES

"സിനിമാ മേഖലയില്‍ അഭിനേതാക്കള്‍ക്ക് ആയുസ്സ് കുറവാണ്"; താരമാകുന്നത് സ്വന്തം പരിശ്രമം കൊണ്ട് മാത്രമല്ലെന്ന് സമാന്ത

ഒരു താരമെന്ന നിലയില്‍ സ്വാധീനം സൃഷ്ടിക്കുന്നതിനെ കുറിച്ചും സമാന്ത സംസാരിച്ചു.

Author : ന്യൂസ് ഡെസ്ക്

നടി സമാന്ത രൂത്ത് പ്രഭു കഴിഞ്ഞ 15 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. വിജയകരമായ നിരവധി സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ താരം ഇപ്പോള്‍ തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലാണ്. അടുത്തിടെ എഐഎംഎയില്‍ നടന്ന നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സമാന്ത പങ്കെടുത്തിരുന്നു. അഭിനേതാക്കള്‍ക്ക് സിനിമാ മേഖലയില്‍ ആയുസ്സ് കുറവാണെന്ന് അവര്‍ കോണ്‍ക്ലേവില്‍ സംസാരിക്കവെ പറഞ്ഞു. ഒരു താരമെന്ന നിലയില്‍ സ്വാധീനം സൃഷ്ടിക്കുന്നതിനെ കുറിച്ചും സമാന്ത സംസാരിച്ചു.

"ഒരു അഭിനേതാവ് എന്ന നിലയില്‍ സിനിമാ മേഖലയില്‍ നിങ്ങളുടെ ആയുസ്സ് വളരെ കുറവാണ് എന്നാണ് ഞാന്‍ കരുതുന്നത്. താരപദവി, പ്രശസ്തി, അംഗീകാരം എന്നിവയെല്ലാം ഒരു നിമിഷത്തേക്ക് വളരെ ആവേശകരമായിരിക്കാം. അതെല്ലാം നിങ്ങളുടേതാണെന്ന തോന്നല്‍ ഉണ്ടാകാം. പക്ഷെ അത് ശരിയല്ല. നിങ്ങള്‍ താരമാകുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സ്‌നേഹവും അംഗീകാരവും വളരെ വലുതാണ്. എന്നാല്‍ അത് പൂര്‍ണമായും നിങ്ങളുടെ മാത്രം പരിശ്രമമല്ല. അതിനാല്‍ അഭിനേത്രി എന്ന നിലയില്‍ ഉള്ള എന്റെ ആയുസിനേക്കാള്‍ വലിയ ഒരു സ്വാധീനം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ വേണമെന്ന് മനസിലാക്കേണ്ടത് എനിക്ക് വളരെ പ്രധാനമായിരുന്നു", സമാന്ത പറഞ്ഞു.

"എന്റെ അവബോധത്തെ അടിസ്ഥാനമാക്കി ഞാന്‍ സ്വയം തീരുമാനിക്കുന്ന യാത്രയല്ല ഇത്. എനിക്ക് ചുറ്റും വളരെ കഴിവുള്ള ടീം ഉണ്ട്. അവര്‍ എല്ലാ അടിസ്ഥാന ജോലികളും ചെയ്യുന്നു. അവരില്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ വഴിതെറ്റി പോയേനെ", സമാന്ത കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ തെലുങ്ക് ചിത്രമായ ശുഭത്തില്‍ അതിഥി വേഷത്തില്‍ സമാന്ത എത്തിയിരുന്നു. സമാന്തയുടെ പ്രൊഡക്ഷന്‍ ഹൗസായ ച്രാലാല മൂവിംഗ് പിക്‌ചേഴ്‌സ് തന്നെയാണ് ശുഭം നിര്‍മിച്ചത്. രാജ് ആന്‍ഡ് ഡികെ സംവിധാനം ചെയ്ത സിറ്റാഡല്‍ : ഹണി ബണ്ണിയിലാണ് സമാന്ത അവസാനമായി ഒരു മുഴുനീള വേഷം ചെയ്തത്. ആമസോണ്‍ സീരീസില്‍ വരുണ്‍ ധവാനായിരുന്നു നായകന്‍.

സിനിമയ്ക്ക് പുറമെ ആരോഗ്യം, മരുന്നുകളുടെ ശരിയായ ഉപയോഗം, ജീവിതശൈലി എന്നിവയെ കുറിച്ച് വിദഗ്ധരുമായുള്ള വീഡിയോകള്‍ നിര്‍മിക്കുന്ന യൂട്യൂബ് ചാനലും സമാന്തയ്ക്കുണ്ട്.

SCROLL FOR NEXT