സജി ചെറിയാന്‍, സാന്ദ്ര തോമസ് Source : Facebook
MOVIES

"സാംസ്‌കാരിക മന്ത്രി സിനിമയിലെ പവർഗ്രൂപ്പിൻ്റെ സമ്മർദത്തിന് വഴങ്ങിയ ആള്‍"; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള സജി ചെറിയാൻ്റെ പരാമര്‍ശത്തില്‍ സാന്ദ്ര തോമസ്

മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ് എന്നും സാന്ദ്ര കുറിച്ചു.

Author : ന്യൂസ് ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് മുന്‍പാകെ സിനിമാ മേഖലയിലെ സ്ത്രീകള്‍ നല്‍കിയ പരാതികള്‍ സമ്മര്‍ദ്ദത്തിന്റെ പുറത്തുള്ളവയാണെന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ വിമര്‍ശനം അറിയിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രസ്താവനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചത്. മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ് എന്നും സാന്ദ്ര കുറിച്ചു.

സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയത് സാംസ്‌കാരിക മന്ത്രി...

ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രസ്താവന സിനിമ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്. ഇരകള്‍ ആക്കപെട്ട സ്ത്രീകള്‍ സമ്മര്‍ദ്ദം മൂലം പരാതി നല്‍കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ട് വരുന്നത്. അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ഇരകളാക്കപെട്ട സ്ത്രീകള്‍ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോള്‍ ആ ഗായികയെ ഏഴു വര്‍ഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്. അതിനേക്കാള്‍ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയില്‍ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.

സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ''എനിക്ക് 3 പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും'' എന്നൊക്കെയുള്ള so called മറുപടി പറഞ്ഞു ഞങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള പല പരാതികളും ഊഹങ്ങളും നിഗമനങ്ങളുമാണെന്നാണ് മന്ത്രി അഭിമുഖത്തില്‍ പറഞ്ഞത്. അതെല്ലാം തന്നെ ആരെ വേണമെങ്കിലും ഊഹിച്ച് പറയാവുന്ന തിരക്കഥകളാണെന്നും അങ്ങനെ ഊഹിച്ച് ആരുടെയും ജീവിതം തകര്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT