സിനിമാ നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച പത്രിക തള്ളിയതിനെതിരെ ഹര്‍ജി നല്‍കി സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. വരണാധികാരിക്കെതിരെയാണ് ഹര്‍ജി. രണ്ട് ബാനറില്‍ സിനിമ നിര്‍മിച്ച മറ്റ് രണ്ട് പേരുടെ പത്രിക അംഗീരിച്ച സാഹചര്യത്തില്‍ തന്റെ വിഷയത്തില്‍ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ സാന്ദ്ര സമര്‍പ്പിച്ച മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് പരിഗണിക്കാനാവില്ലെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. ഈ വിഷയത്തില്‍ സംഘടനയില്‍ തര്‍ക്കം നടക്കുകയും ചെയ്തിരുന്നു.
ഇന്നലെ സംഘടനയില്‍ നടന്ന തര്‍ക്കത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സാന്ദ്ര തോമസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. കേരള സമൂഹത്തിന് വ്യക്തമായി അറിയാവുന്ന കാര്യമാണ് ഞാന്‍ എത്ര സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന്. ഇന്നലത്തെ സംഭവത്തോടു കൂടി സമൂഹത്തിന് എല്ലാ കാര്യങ്ങളും വ്യക്തമാകുകയാണ് ചെയ്തതെന്നും സാന്ദ്ര പറഞ്ഞു.
"സംഘടനയില്‍ എന്നെ പോലെ ഒരാളെ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. തിരിച്ച് ചോദ്യം ചെയ്യുന്ന അവരുടെ അഴിമതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന ആളാണ് ഞാന്‍. അത് അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ പല മുട്ടാപോക്ക് ന്യായവും പറഞ്ഞ് എന്റെ പത്രിക തള്ളുന്നത്. സാങ്കേതികമായ ഒരു കാരണങ്ങളും പത്രിക തള്ളാന്‍ നിലനില്‍ക്കുന്നില്ല. വരണാധികാരിക്ക് ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം പോലും ഉണ്ടായിരുന്നില്ല. മിണ്ടാതിരിക്കുകയാണ് ചെയ്തത്. അവിടെയാണ് അസോസിയേഷന്റെ മാടമ്പികളും ആസ്താന ഗുണ്ടകളുമായ സിയാദ് കോക്കറും സുരേഷ് കുമാറും പ്രതികരിക്കുന്നത്", എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.