MOVIES

''വെറും ഒരു ഡിഗ്രിക്ക് വേണ്ടി മാത്രമല്ല''; ബെംഗളൂരുവില്‍ നിയമം പഠിക്കാന്‍ ചേര്‍ന്ന് സാന്ദ്ര തോമസ്

''നിയമം എല്ലാ കാലത്തും ഹൃദയത്തിനകത്തുണ്ടായിരുന്നു. ഇത് ഒരു ഡിഗ്രി എടുക്കുന്നതിന് വേണ്ടി മാത്രമല്ല, ഈ തീരുമാനം ഒരു ധൈര്യമാണ്''

Author : ന്യൂസ് ഡെസ്ക്

എല്‍എല്‍ബി പഠിക്കാന്‍ ബെംഗളൂരുവിലെ ക്രൈസ്റ്റ് അക്കാദമിയില്‍ ചേര്‍ന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. നിയമം പഠിക്കാന്‍ എല്ലാ കാലത്തും ആഗ്രഹമുണ്ടായിരുന്നെന്നും ഇത് വെറും ഒരു ഡിഗ്രി എന്ന നിലയ്ക്കല്ല താന്‍ കാണുന്നതെന്നും സാന്ദ്ര ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വളര്‍ച്ച ഒരിക്കലും നിന്നു പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ജീവിതം എല്ലാകാലത്തും ഒരു ചുഴലിക്കാറ്റാണെന്നും സാന്ദ്ര തോമസ് കുറിച്ചു. താന്‍ നിയമം പഠിക്കുന്നത് കേവലം ഒരു ഡിഗ്രിക്ക് വേണ്ടി മാത്രമല്ലെന്നും, അത് നീതിക്കായി പോരാടാന്‍ ഉറച്ച് തന്നെയാണെന്നും സാന്ദ്ര തോമസ് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് ഞാന്‍ ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമയില്‍ അഡ്മിഷന്‍ എടുത്തു. രണ്ട് കുട്ടികളുടെ അമ്മ എന്ന നിലയില്‍ രണ്ട് വലിയ സിനിമ പ്രോജക്ടിന് വളയം പിടിക്കുന്ന ആളെന്ന നിലയില്‍, ഒരു ഹൈ എന്‍ഡ് സ്പീക്കര്‍ ബ്രാന്‍ഡ് നിര്‍മിക്കുന്ന ആളെന്ന നിലയില്‍, ഇന്‍ഡസ്ട്രിയിലെ ഭീമന്‍മാര്‍ക്കെതിരെ ഏറ്റവും ബുദ്ധിമുട്ടുള്ള യുദ്ധം പ്രഖ്യാപിക്കുന്നയാളെന്ന നിലയില്‍ ജീവിതം ഒരു ചുഴലിക്കാറ്റ് പോലെയാണെന്നാണ് തോന്നാറ്. എപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് വളര്‍ച്ച ഒരിക്കലും നിന്നു പോവില്ലെന്നാണ്.

നിയമം എല്ലാ കാലത്തും ഹൃദയത്തിനകത്തുണ്ടായിരുന്നു. ഇത് ഒരു ഡിഗ്രി എടുക്കുന്നതിന് വേണ്ടി മാത്രമല്ല, ഈ തീരുമാനം ഒരു ധൈര്യമാണ്. ഉറച്ച വിശ്വാസമാണ്, നീതിക്കായി ഒരിടം ഉണ്ടാക്കലാണ്.

ജീവിതത്തിന്റെ ഏത് ഘട്ടത്തിലും സ്വപ്‌നങ്ങളെ പിന്തുടരാന്‍ ശ്രമിക്കുകയെന്നത് സ്ത്രീകള്‍ക്ക് അഭിമാനത്തോടെ നിരവധി തൊപ്പികള്‍ അണിയാന്‍ പറ്റുമെന്ന് തെളിയിക്കല്‍ കൂടിയാണ്.

SCROLL FOR NEXT