ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' റിലീസ് തീയതി പുറത്ത്. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അടുത്ത വർഷം ജനുവരി 21നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുൻപ് മൂന്ന് തവണ 'ലവ് & വാർ' സിനിമയുടെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. 2025 ക്രിസ്മസിനാണ് സിനിമയുടെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് 2026 മാർച്ച് 20ലേക്ക് മാറി. പിന്നീട് ഓഗസ്റ്റ് 14ന് ചിത്രം റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നു. എന്നാൽ, കാത്തിരിപ്പ് വെറുതെയായി.
കഴിഞ്ഞ വർഷം പുറത്തുവന്ന സിനിമയുടെ അണിയറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ഫൈറ്റർ ജെറ്റിന് സമീപം വ്യോമ സേനാ ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ നിൽക്കുന്ന രൺബീർ കപൂറിന്റെയും വിക്കി കൗശലിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ ചിത്രങ്ങളിലെ ഇരുവരുടെയും ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൌശൽ എന്നിവർ ഒരുമിക്കുന്ന ആദ്യ സഞ്ജയ് ലീല ബൻസാലി ചിത്രമാണ് 'ലവ് & വാർ'. എയർ ഫോഴ്സിന്റെ പശ്ചാത്തലത്തിൽ ത്രികോണ പ്രണയകഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. അരങ്ങേറ്റ ചിത്രമായ 'സാവരിയ'യ്ക്ക് ശേഷം രൺബീറും ബൻസാലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സഞ്ജയ് ലീല ബൻസാലിയുടെ അവസാന ചിത്രം 'ഗംഗുഭായ് കത്തിയവാഡി'യിൽ ആലിയ ആയിരുന്നു നായിക.