MOVIES

OSCAR 2025; അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ മികച്ച 15ല്‍ ഇടം നേടി ഹിന്ദി ചിത്രം 'സന്തോഷ്'

2025 മാര്‍ച്ച് 2നാണ് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് നടക്കുക

Author : ന്യൂസ് ഡെസ്ക്


2025ലേക്ക് എത്തുന്നതിലൂടെ ആഗോള തലത്തില്‍ പ്രേക്ഷകര്‍ ഓസ്‌കാറിനായി കാത്തിരിക്കുകയാണ്. 2025 മാര്‍ച്ച് 2നാണ് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് നടക്കുക. ഈ വര്‍ഷത്തെ ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് കിരണ്‍ റാവുവിന്റെ ലാപത്താ ലേഡീസായിരുന്നു. എന്നാല്‍ അക്കാദമി കമ്മിറ്റി സിനിമ തിരഞ്ഞെടുത്തില്ല. പക്ഷെ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ഒരു ഹിന്ദി ചിത്രം അന്താരാഷ്ട്ര ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ മികച്ച 15 സിനിമകളില്‍ ഇടം നേടിയിരിക്കുകയാണ്. യുകെയില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പ്പിച്ച 'സന്തോഷ്' ആണ് ആ ചിത്രം.

അയര്‍ലാന്‍ഡിന്റെ നീകാപ്പ്, ജര്‍മനിയുടെ ദി സീഡ് ഓഫ് സേക്രഡ് ഫിഗ് അടക്കമുള്ള 12 ചിത്രങ്ങളാണ് സന്തോഷിനൊപ്പം മത്സരിക്കുന്നത്. ഈ വാര്‍ത്ത അക്കാദമി അധികൃതര്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. അവസാനത്തെ നോമിനേഷനുകള്‍ ജനുവരി 17നാണ് അറിയിക്കുക.

സന്ധ്യ സൂരിയാണ് സന്തോഷ് എന്ന ചിത്രത്തിന്റെ സംവിധായിക. ഷഹാന ഗോസാമി, സുനിത രാജ്വാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സന്ധ്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. സന്തോഷ് എന്ന സിനിമയ്ക്ക് പ്രചോദനമായത് ദി വില്ലേജ് നെക്‌സ്റ്റ് ടു പാരഡൈസ് എന്ന സൊമാലി ചിത്രമാണെന്ന് സന്തോഷ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT