സാറ അർജുൻ നായികയാകുന്ന 'യൂഫോറിയ' Source: X
MOVIES

'ധുരന്ധർ' എന്ന ഹിറ്റിന് ശേഷം സാറ അർജുന്റെ 'യൂഫോറിയ'; ട്രെയ്‌ലർ പുറത്ത്

ഹൈദരാബാദിൽ നടന്ന ചടങ്ങിലായിരുന്നു ട്രെയ്‌ലർ ലോഞ്ച്

Author : ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: 'ധുരന്ധർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സാറ അർജുൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം 'യൂഫോറിയ'യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രം 19 കാരിയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പ്രമേയമാക്കുന്നത്. ഹൈദരാബാദിൽ നടന്ന ചടങ്ങിലായിരുന്നു ട്രെയ്‌ലർ ലോഞ്ച്.

സിവിൽ സർവീസ് ഉദ്യോഗസ്ഥയാകാൻ സ്വപ്നം കാണുന്ന 'ചൈത്ര' എന്ന കൗമാരക്കാരിയെയാണ് സാറ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു ദിവസം അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ട്രെയ്‌ലർ ലോഞ്ചിൽ തെലുങ്കിൽ സംസാരിച്ച സാറ കാണികളെ അത്ഭുതപ്പെടുത്തി. സിനിമ എല്ലാവരുമായി കണക്ട് ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നടി പറഞ്ഞു. തനിക്ക് ഇഷ്ടമുള്ള തെലുങ്ക് താരത്തെ കുറിച്ചും ചടങ്ങിൽ സാറ സംസാരിച്ചു. ഇപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടം വിജയ് ദേവരകൊണ്ടയെ ആണെന്നാണ് നടി പറഞ്ഞത്.

'ലാത്തി', 'ചൂഡാലനി വുണ്ടീ', 'ഒക്കടു', 'രുദ്രമാദേവി' തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ഗുണശേഖർ. ഭൂരിഭാഗവും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട്, ഇന്നത്തെ കാലത്തെ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രമാകു യൂഫോറിയ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഏകദേശം ആറ് മാസത്തോളം നീണ്ടുനിന്ന ഓഡിഷനിലൂടെയാണ് ചിത്രത്തിലെ പുതുമുഖങ്ങളെ കണ്ടെത്തിയത്. ലഹരിമരുന്ന് ഉപയോഗം, കുറ്റകൃത്യങ്ങൾ എന്നിവ യുവാക്കളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന പ്രമേയം. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

നടി ഭൂമിക ചൗള, സംവിധായകൻ ഗൗതം വാസുദേവ് ​​എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ഗുണശേഖറിന്റെ മകൾ നീലിമയാണ് ചിത്രം നിർമ്മിക്കുന്നത്. എം.എം കീരവാണിയുടെ മകൻ കാലഭൈരവയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിൽ എത്തും.

SCROLL FOR NEXT