കിംഗ് എന്ന സിനിമയില്‍ ഷാരൂഖ് ഖാൻ Source: Screenshot / King Teaser
MOVIES

ഷാരൂഖിന് ഒരു സ്പെഷ്യൽ ഗിഫ്റ്റ്; ജന്മദിനത്തിൽ 'കിംഗ്' ടീസർ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ

ഷാരൂഖ് ഖാനെ ഇതുവരെ കാണാത്ത ലുക്കിലായിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുകയെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

ഷാരൂഖ് ഖാന്‍ ആരാധകരെ ആവേശത്തിലാക്കുന്ന ഒരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'കിംഗി'ന്റെ ടീസർ വരുന്നു. താരത്തിന്റെ ജന്മദിനമായ നവംബർ രണ്ടിന് ടീസർ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. 'പഠാൻ' ഉൾപ്പെടെയുള്ള വൻ ഹിറ്റുകൾ സമ്മാനിച്ച സിദ്ധാർത്ഥ് ആനന്ദാണ് 'കിംഗ്' സംവിധാനം ചെയ്യുന്നത്. ഷാരൂഖിന് ജന്മദിന സമ്മാനമായി ടീസർ പുറത്തിറക്കാനാണ് സംവിധായകനും ടീമും ലക്ഷ്യമിടുന്നത്.

ഷാരൂഖ് ഖാനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമായിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുകയെന്നാണ് സൂചന. നേരത്തെ പുറത്തുവിട്ട ടൈറ്റില്‍ റിലീസ് വീഡിയോയിലെ നടന്റെ ഗെറ്റപ്പ് വലിയ ചർച്ചയായിരുന്നു. വെളുത്ത മുടിയില്‍, നീല ഡെനിം ഷർട്ടും, ടാൻ ജാക്കറ്റും ബാഗുമായി സ്റ്റൈലിഷ് ലുക്കിലാണ് വീഡിയോയില്‍ താരം എത്തിയത്. ഇതിനെ 'എഫ് 1' സിനിമയിലെ ബ്രാഡ് പിറ്റിന്റെ ലുക്കുമായി താരമത്യപ്പെടുത്തി നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.  

റെഡ് ചില്ലീസ് എന്റർടെയ്‌ൻമെന്റും മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് 'കിംഗ്' സിനിമയുടെ നിർമാണം. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, റാണി മുഖര്‍ജി, രാഘവ് ജുയല്‍, അഭയ് വര്‍മ, സൗരഭ് ശുക്ല, ജയ്‌ദീപ് അഹ്‍ലാവത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളിലെത്തുന്നത്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും സിനിമയില്‍ ഒരു പ്രധാന റോളില്‍ എത്തുന്നു. കൂടാതെ ഒരു ഗാനരംഗത്തിൽ കരീന കപൂറും വേഷമിടുന്നുണ്ട്.

ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആക്ഷൻ ത്രില്ലർ ചിത്രം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SCROLL FOR NEXT