സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗി'ന്റെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക് പറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കിനെ തുടര്‍ന്ന് താരം യുഎസിലേക്ക് പോയെന്നും പിന്നീട് വിശ്രമത്തിനായി ഇപ്പോള്‍ യുകെയില്‍ ആണെന്നും ആയിരുന്നു വാര്‍ത്ത. എന്നാല്‍ ഷാരൂഖ് യുഎസിലേക്ക് പോയത് സാധാരണയായി നടത്തി വരുന്ന ചികിത്സയ്ക്കാണെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂലൈ രണ്ടാം ആഴ്ച്ച മുതല്‍ ഷാരൂഖ് ഖാന്‍ യുഎസിലാണ്. ഈ മാസം അവസാനത്തോടെ താരം തിരിച്ചെത്തുകയും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനമായിരിക്കുകയാണ്.
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് 'കിംഗ്'. സോയ അക്തര്‍ സംവിധാനം ചെയ്ത 'ആര്‍ച്ചീസിലാണ്' സുഹാന ആദ്യമായി അഭിനയിച്ചത്. ചിത്രം നെറ്റ്ഫ്ളിക്സിലായിരുന്നു റിലീസ് ചെയ്തത്.
ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ മറ്റൊരു താരം. ഷാരൂഖ് ഖാനും ദീപികയും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണ് 'കിംഗ്'. ചിത്രത്തില്‍ എക്സ്റ്റെന്റഡ് കാമിയോ റോളിലാണ് ദീപിക എത്തുന്നത്. സുഹാന ഖാന്റെ അമ്മയുടെ വേഷമാണ് താരം ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സിദ്ധാര്‍ഥ് ആനന്ദിന്റെ 'കിംഗ്' ഒരു ആക്ഷന്‍ ത്രില്ലറാണ്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററിലെത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സച്ചിന്‍ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് രവിചന്ദറുമാണ്.