ചെന്നൈ: മണിക്കൂറുകളോളം ഫോൺ ഉപയോഗിച്ചത് കാരണം ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ട് നടി ഷക്കീല. കഴുത്തിലെ ഞരമ്പിന് പ്രശ്നമുണ്ടായതിനെ തുടർന്ന് നടി ശസ്ത്രക്രിയയ്‌ക്ക് വിധേയയായി. ഇപ്പോഴിതാ, ആശുപത്രി വിട്ടതിന് പിന്നാലെ മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഷക്കീല.
'ദ ഷക്കീല' എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ പ്രതികരണം. ശസ്ത്രക്രിയയ്‌ക്കും മറ്റുമായി മൂന്ന് ലക്ഷം രൂപയോളം തനിക്ക് ചെലവായെന്നും കുട്ടികൾ ഉൾപ്പെടെ എല്ലാവരും മൊബൈൽ ഉപയോഗം പരമാവധി പരിമിതപ്പെടുത്തണമെന്നുമാണ് നടി വീഡിയോയിൽ പറയുന്നത്.
"അടുത്തിടെ എനിക്കൊരു ഓപ്പറേഷൻ വേണ്ടിവന്നു. ആശുപത്രിയിൽ നിന്ന് എത്തിയതേയുള്ളൂ. ഗൗരവമായി പറയുകയാണ്; തമാശയല്ല. ഫോൺ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണ്. പക്ഷേ ആവശ്യത്തിലധികം ഉപയോഗിക്കാതിരിക്കുക. കിടക്കയിൽ ചരിഞ്ഞു കിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു. ഇതിന് ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രം എഴുന്നേൽക്കും. ചായ കുടിച്ചിട്ട് വീണ്ടും ഗെയിം കളി തുടരും. പിന്നെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റീൽ കാണലും. ഇത് എന്റെ കഴുത്തിലെ ഞരമ്പുകളെ ബാധിച്ചു. ഒടുവിൽ സർജറി വേണ്ടിവന്നു. കുട്ടികളുടെ കയ്യിൽ മൊബൈൽ കൊടുക്കുന്നത് പൂർണമായും ഒഴിവാക്കുക. നിങ്ങളും പരമാവധി ഒഴിവാക്കുക.
എന്റെ വീഡിയോസ് ഉൾപ്പെടെ ഒഴിവാക്കുക, നമുക്ക് ഉപകാരമുള്ള ഇൻഫോർമേഷൻ ഉള്ള വീഡിയോ മാത്രം കാണുക. അല്ലെങ്കിൽ മൂന്ന് ലക്ഷം രൂപ പോകും. കാശ് പോകുമെന്ന് മാത്രമല്ല നല്ല വേദനയും സഹിക്കണം. ഇപ്പോൾ തന്നെ കുട്ടികളുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി വയ്ക്കുക. എന്നെ സ്നേഹിക്കുന്ന എല്ലാവരോടും കൂടി പറയുകയാണ് വളരെ പരിമിതമായി മാത്രം ഫോൺ ഉപയോഗിക്കുക. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക," ഷക്കീല പറഞ്ഞു.
നിരവധിപേരാണ് ഷക്കീലയുടെ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. താരം ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുക്കട്ടെയെന്നാണ് ഭൂരിപക്ഷം കമന്റുകളും.