അമ്മ സംഘടന തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്ന ഘട്ടത്തിൽ ഷമ്മി തിലകന്‍ നടത്തിയ പരാമർശം ഇപ്പോള്‍ ചർച്ചയാവുകയാണ്. "അമ്മ" സംഘടനയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ, സത്യം പറഞ്ഞാൽ എനിക്ക് ചിരി വരുന്നുണ്ട്!'' എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ചില കാര്യങ്ങളിൽ പ്രതികരിച്ചാൽ പിന്നെ മുഖം നഷ്ടപ്പെടുന്ന അവസ്ഥയാകും അതുകൊണ്ട്, ഈ വിഷയത്തിൽ എനിക്കൊന്നും പറയാനില്ലെന്നും ഷമ്മി തിലകന്‍ തിലകന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്‍റെ അഭിപ്രായം പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിന്‍റെ പൂർണ്ണരൂപം:
"അമ്മ" സംഘടനയുടെ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കുമ്പോൾ, സത്യം പറഞ്ഞാൽ എനിക്ക് ചിരി വരുന്നുണ്ട്! ചില കാര്യങ്ങളിൽ പ്രതികരിച്ചാൽ പിന്നെ മുഖം നഷ്ടപ്പെടുന്ന അവസ്ഥയാകും! അതുകൊണ്ട്, ഈ വിഷയത്തിൽ "ഞാനീ നാട്ടുകാരനേയല്ല"! എനിക്കൊന്നും പറയാനും ഇല്ല!
പക്ഷേ, ഒരു കാര്യം ഉറപ്പാണ്: "കര്‍മ്മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും!" കാരണം, ബൈബിൾ പറയുന്നു: "നിങ്ങൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെ നിങ്ങളോടും പെരുമാറപ്പെടും." (മത്തായി 7:2)
ഈ തിരഞ്ഞെടുപ്പ് ഒരു പാഠപുസ്തകമാണ്. ഓരോ നീക്കവും, ഓരോ വാക്കും, ഓരോ തീരുമാനവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. നാളെ, തലയുയർത്തി നിൽക്കാൻ ആർക്കൊക്കെ കഴിയും എന്ന് കാലം തെളിയിക്കും. ചിലപ്പോൾ, ചിരിപ്പിക്കുന്ന കാര്യങ്ങൾ പോലും പിന്നീട് ചിന്തിപ്പിക്കുന്നതാകാം. ഓർക്കുക, നിഷ്കളങ്കമായ ചിരിക്ക് പിന്നിൽ വലിയ സത്യങ്ങളുണ്ടാകാം!
അതേസമയം, താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവരുടെ പട്ടിക പുറത്ത് വിട്ടു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോന്‍, ദേവന്‍ എന്നിവരാണ് മത്സരിക്കുന്നത്. ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ബാബുരാജ് പിന്മാറിയതോടെ ഇനി കുക്കു പരമേശ്വരനും രവീന്ദ്രനുമാണ് മത്സരിക്കുന്നത്. ഉണ്ണി ശിവപാല്‍, അനൂപ് ചന്ദ്രന്‍ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിക്കും. നടി അന്‍സിബ ഹസന്‍ എതിരാളികള്‍ ഇല്ലാതെ 'അമ്മ' ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.