തിലകന്‍, കെ.ജി. ജോർജ് (എഐ ചിത്രം) Source: Facebook / Shammy Thilakan
MOVIES

നടന കുലപതിയും, മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മഹാപ്രതിഭയും..! കുറിപ്പുമായി ഷമ്മി തിലകന്‍

അഭിനയത്തിന്റെ അനന്തസാധ്യതകൾ അച്ഛൻ പകർന്നു തന്നപ്പോൾ...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മലയാള സിനിമയുടെ പെരുന്തച്ചൻ തിലകന്‍ വിടവാങ്ങിയിട്ട് ഇന്ന് 13 വർഷം തികയുന്നു. ഇതേ ദിവസമാണ് മലയാളിയുടെ സിനിമാ സംസ്കാരത്തെ മാറ്റിമറിച്ച സംവിധായകന്‍ കെ.ജി. ജോർജും ഓർമയായത്. ഇരുവരുടെയും ഓർമദിനത്തില്‍ സമൂഹമാധ്യമത്തില്‍ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന്‍.

"എൻ്റെ കലാജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ രണ്ട് ഗുരുക്കന്മാർ..! ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ കാലം പേര് ചേർത്ത് എഴുതിയ നടന കുലപതിയും, മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മഹാപ്രതിഭയും..! അഭിനയത്തിന്റെ അനന്തസാധ്യതകൾ അച്ഛൻ പകർന്നു തന്നപ്പോൾ..; സിനിമയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ കെ.ജി. ജോർജ് സാറും സമ്മാനിച്ചു..! ആ ഓർമകൾക്ക് മുന്നിൽ ഹൃദയത്തിൽ നിന്നും ഒരുപിടി കണ്ണീർപ്പൂക്കൾ അർപ്പിക്കുന്നു," തിലകന്റെയും കെ.ജി. ജോർജിന്റെയും എഐ ചിത്രത്തിനൊപ്പം ഷമ്മി കുറിച്ചു.

കെ.ജി. ജോർജ് സംവിധാനം ചെയ്ത ഇരകള്‍, യവനിക, പഞ്ചവടിപ്പാലം,കോലങ്ങള്‍, കഥയ്ക്ക് പിന്നില്‍, ആദാമിന്റെ വാരിയെല്ല് എന്നീ ചിത്രങ്ങളില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടക വേദിയാണ് തിലകനിലെ നടനെ രൂപപ്പെടുത്തിയത്. 1973ൽ പെരിയാർ എന്ന ചിത്രത്തിലൂട സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. നാല് പതിറ്റാണ്ടത്തെ അഭിനയ ജീവിതത്തിൽ വെള്ളിത്തിരയിൽ അദ്ദേഹം ജീവിതഗന്ധിയായ ഒട്ടേറെ കഥാപാത്രങ്ങൾ പകർന്നാടി. പെരുന്തച്ചനും മൂന്നാം പക്കത്തിലെ മുത്തച്ഛനും സേതുമാധവന്‍റെ അച്ഛനും സ്ഫടിക്കത്തിലെ ചാക്കോ മാഷും മലയാളിയുടെ ഉള്ളിലിരുന്ന് ഇന്നും വിങ്ങുന്നുണ്ട്. വില്ലന്‍ വേഷത്തിലും ക്യാരക്ടർ വേഷങ്ങളിലും നായകവേഷങ്ങളിലും തിലക സ്പർശം എപ്പോഴും തിളങ്ങിനിന്നു.

SCROLL FOR NEXT