ശങ്കർ-കമൽ ഹാസൻ ടീമിന്റെ ഐകോണിക് ചിത്രം 'ഇന്ത്യന്റെ' മൂന്നാം ഭാഗം വരുന്നു. 'ഇന്ത്യൻ 3 - വാർ മോഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രവി വർമനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കാജൽ അഗർവാൾ, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സിനിമാപ്രേമികൾക്കിടയിൽ കൾട്ട് സ്റ്റാറ്റസുള്ള ചിത്രമാണ് 1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ'. എന്നാൽ, 2024ൽ റിലീസ് ചെയ്ത സിനിമയുടെ രണ്ടാം ഭാഗത്തിന് മോശം പ്രേക്ഷക-നിരൂപക പ്രതികരണമാണ് ലഭിച്ചത്.
1996ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു 'ഇന്ത്യന്‍'. ബോക്സ് ഓഫീസിൽ ഗംഭീര വിജയം നേടിയ ചിത്രം ദേശീയ പുരസ്‌കാരത്തിലടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. കമല്‍ ഹാസന് പുറമേ സുകന്യ, മനീഷ കൊയ്രാള, ഊര്‍മിള മഡ്നോദ്കര്‍, കസ്തൂരി, ഗൗണ്ടമണി, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ചിത്രത്തിലെ അഭിനയത്തിലൂടെ കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, സംസ്ഥാന പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. കൂടാതെ മികച്ച കലാസംവിധാനത്തിന് തൊട്ട തരണി, സ്പെഷ്യല്‍ എഫക്ടിസിന് എസ്.ടി. വെങ്കി എന്നിവരും പുരസ്‌കാരം നേടി.
'ഇന്ത്യൻ' റിലീസ് ചെയ്ത് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശങ്കറും കമൽ ഹാസനും 'ഇന്ത്യൻ 2'ന് വേണ്ടി വീണ്ടും കൈകോർത്തത്. എന്നാൽ, രണ്ടാം ഭാഗം പ്രേക്ഷകരെ തീർത്തും നിരാശരാക്കി. മോശം തിരക്കഥയും പരിചരണവുമായിരുന്നു പ്രധാന പോരായ്മ. സിനിമ വലിയതോതിൽ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ഏറ്റുവാങ്ങി.
കമൽ ഹാസന് പുറമേ സിദ്ധാര്‍ഥ്, എസ്.ജെ. സൂര്യ, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, ഗുല്‍ഷന്‍ ഗ്രോവര്‍, നെടുമുടി വേണു തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുന്‍പായിരുന്നു നെടുമുടി വേണു, വിവേക്, മനോബാല എന്നിവരുടെ വിയോഗം. എഐ സഹായത്തോടെയാണ് ഇവരെ ചിത്രത്തിൽ അവതരിപ്പിച്ചത്. അനിരുദ്ധാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് 'ഇന്ത്യൻ' ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം വരുന്നത്. 'ഇന്ത്യൻ 2' ചിത്രീകരണം പകുതിയായപ്പോൾ, ചിത്രം ഒരൊറ്റ ഭാഗത്തിൽ ഒതുക്കാതെ മറ്റൊരു ഭാഗം കൂടി നിർമിച്ച് അതിന് 'ഇന്ത്യൻ 3' എന്ന് പേരിടാൻ ശങ്കർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബജറ്റ് പരിധി വിട്ടതോടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആശങ്കയിലായി. 'ഇന്ത്യൻ 2' വൻ പരാജയം കൂടിയായതോടെ മൂന്നാം ഭാഗം പ്രതിസന്ധിയിലായി. ഇതോടെ 'ഇന്ത്യൻ 3'യുടെ ഡിജിറ്റൽ സ്ട്രീമിങ് കരാറിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറുകയും ചിത്രത്തിനായി കൂടുതൽ പണം ചെലവഴിക്കാൻ ലൈക്ക തയ്യാറാകാതിരിക്കുകയും ചെയ്തു. എന്നാൽ, ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ചെറിയൊരു ഭാഗത്തിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാകാനുണ്ട്.