അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് പുഷ്പ ദി റൂള്‍. ചിത്രം ഡിസംബര്‍ ആറിന് തിയേറ്ററിലെത്തും. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ ചിത്രത്തിന്റെ ഭാഗമായിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 123 തെലുങ്കു റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ചിത്രത്തില്‍ ശ്രദ്ധ കപൂറിന്റെ ഡാന്‍സ് നമ്പര്‍ ഉണ്ടായിരിക്കും. ഈ ഡാന്‍സ് നമ്പറിനായി നിരവധി നടിമാരെ സമീപിച്ചിരുന്നു. എന്നാല്‍ അവസാനം അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധയെ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ സമാന്ത രൂത്ത് പ്രഭുവും അല്ലു അര്‍ജുനും ചേര്‍ന്ന് ചെയ്ത ഡാന്‍സ് നമ്പര്‍ വലിയ ഹിറ്റായിരുന്നു. ഊ ആന്‍ടവ എന്ന ഗാനം ഒരുക്കിയത് ദേവി ശ്രീ പ്രസാദാണ്. ദേശീയ തലത്തില്‍ ഈ ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രദ്ധയും അല്ലു അര്‍ജുനും കൂടിയുള്ള ഡാന്‍സ് നമ്പറും ഹിറ്റാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.
അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടികൊടുത്ത പുഷ്പ ദ റൈസിന്റെ വിജയത്തിന് പിന്നാലെയാണ് സംവിധായകന്‍ സുകുമാര്‍ പുഷ്പ 2 ദ റൂളിന്റെ ചിത്രീകരണം ആരംഭിച്ചത്. ഓഗസ്റ്റില്‍ റിലീസ് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഷൂട്ടിങ് തീരാന്‍ വൈകിയതോടെ ഡിസംബറിലേക്ക് റിലീസ് മാറ്റുവെക്കുകയായിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സുനില്‍, പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.