'ഛാവ' സംവിധായകൻ ലക്ഷ്മൺ ഉതേകർ സംവിധാനം ചെയ്യുന്ന 'ഈഥ' സിനിമയുടെ ടീസർ പുറത്ത്. പ്രശസ്ത മറാത്തി ലാവണി നർത്തകി വിഥാബായ് നാരായൺഗാവൻകറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശ്രദ്ധാ കപൂർ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രൺദീപ് ഹൂഡ, അനന്ത് ജോഷി, മുഹമ്മദ് സീഷൻ അയൂബ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ആയിരക്കണക്കിന് ആളുകൾ ഒരു നാടോടി നൃത്തം കാണാൻ തടിച്ചുകൂടി നിൽക്കുന്ന രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. അവർ എല്ലാവരും 'ഈഥ' എന്ന നർത്തകിയെ വേദിയിലേക്ക് വിളിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം പശ്ചാത്തലത്തിൽ ഒരു ഗർഭിണിയുടെ പ്രസവവേദന കൊണ്ടുള്ള നിലവിളി കേൾക്കാം. തുടർന്ന്, പ്രസവ വേദനയിൽ അലറുന്ന ഈഥയെയും ടീസറിൽ കാണിക്കുന്നു. കഥയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ, അതീവ മനോഹരമായി നൃത്തം ചെയ്യുന്ന ശ്രദ്ധയുടെ ദൃശ്യങ്ങളാണ് ടീസറിലുള്ളത്.
'ഛാവാ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലക്ഷ്മൺ ഉതേകറും പ്രൊഡക്ഷൻ കമ്പനിയായ മാഡോക് ഫിലിംസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. നിർമാണം: ദിനേശ് വിജൻ, ലക്ഷ്മൺ ഉതേകർ, കരിഷ്മ ശർമ, സംഗീതം: അജയ്-അതുൽ, രചന: ക്ഷിതിജ് പട്‌വർദ്ധൻ, സഹനിർമാണം: ശാരദ കർക്കി ജലോട്ട, ഛായാഗ്രഹണം: ആകാശ് അഗർവാൾ, പ്രൊഡക്ഷൻ ഡിസൈൻ: സുബ്രത ചക്രവർത്തി & അമിത് റേ, വസ്ത്രാലങ്കാരം: ശീതൽ ഇഖ്ബാൽ ശർമ്മ, നൃത്തസംവിധാനം: വൈഭവി മർച്ചന്റ്, സംഗീത ലേബൽ: യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യ, മാഡ് ഫോർ മ്യൂസിക്, പബ്ലിസിറ്റി ഡിസൈൻ: ഹിമാൻഷു & രാഹുൽ നന്ദ (എച്ച്-വൺ).