സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന 'ധർമൻ' സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിമ്രാൻ, രാഷി ഖന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഒരു ഡാൻസ് നമ്പരുമായി ശ്രിയ ശരണും എത്തുന്നതായാണ് റിപ്പോർട്ടുകൾ. സൂപ്പർസ്റ്റാറിനൊപ്പമുള്ള ഒരു ചിത്രം ശ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെയാണ് 'ശിവാജി' കോംബോ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുകയാണോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
രജനികാന്തിനൊപ്പമുള്ള ചിത്രം ശ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയായിരുന്നു. 'ഹാപ്പി ഡേ' എന്നാണ് ചിത്രത്തിനൊപ്പം നടി കുറിച്ചത്. എന്നാൽ, നടി ചിത്രത്തിന്റ ഭാഗമാണെന്ന് അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, ശങ്കർ സംവിധാനം ചെയ്ത 'ശിവാജി' എന്ന ചിത്രത്തിന് ശേഷം ശ്രിയയും രജനികാന്തും ഒന്നിച്ചഭിനയിക്കുന്ന സിനിമയാകും 'ധർമൻ'.
നിലവിൽ, 'ധർമൻ' സിനിമയുടെ രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അടുത്തിടെ പുറത്തുവിട്ട സ്പെഷ്യൽ ഗ്ലിംപ്സ് വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. മാസ് സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങളാകും സെക്കൻഡ് ഷെഡ്യൂളിൽ ഷൂട്ട് ചെയ്യുക എന്ന സൂചനയാണ് ഗ്ലിംപ്സ് വീഡിയോ നൽകുന്നത്.
'പേട്ട'ക്ക് ശേഷം രജനികാന്തും സിമ്രാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ഓ മൈ കടവുളെ', 'ഡ്രാഗൺ' എന്നീ സിനിമകളിലൂടെ പ്രശസ്തനായ അശ്വന്ത് മാരിമുത്തുവാണ് 'ധർമൻ' സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രത്തിന്റെ നിര്‍മാണം. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
നേരത്തെ പുറത്തുവിട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഒരു ഡോക്ടറുടെ വേഷത്തിൽ, കയ്യിൽ രക്തം പുരണ്ട സർജിക്കൽ ബ്ലേഡുമായി നിൽക്കുന്ന രജനികാന്തിനെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരുന്നത്. 'ദ ഡെഡ്‌ലി ഡോക്ടർ' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.