കൊച്ചി: ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് 'കിരീടം'. സിനിമയിലെ മോഹൻലാലിന്റെ സേതുമാധവൻ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് നോവുന്ന ഓർമയാണ്. 1989ൽ റിലീസായ ഈ എവർഗ്രീൻ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു.
ഡോൾബി അറ്റ്‌മോസിൽ 4K ദൃശ്യമികവോടെയാണ് 'കിരീടം' റീ റിലീസിന് ഒരുങ്ങുന്നത്. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (കെഎസ്എഫ്‌ഡിസി) സഹകരിച്ചുകൊണ്ട് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ തിയേറ്ററുകളിലേക്കും. മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടാണ് സിനിമയുടെ റീ റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചത്.
സിബി മലയിൽ എന്ന സംവിധായകന്റെ കയ്യൊതുക്കവും സർഗാത്മക ശേഷിയും പ്രകടമായ ചിത്രങ്ങളിൽ ഒന്നാണ് 'കിരീടം'. സിനിമയിലെ ലോഹിതദാസ് സൃഷ്ടിച്ച കഥാപാത്രങ്ങളെ ചലച്ചിത്രപ്രേമികൾ ഇന്നും നെഞ്ചേറ്റുന്നു. അച്ഛന്റെ ആഗ്രഹം പോലെ പൊലീസുകാരനാകാൻ തയ്യാറെടുക്കുന്ന സേതുമാധവൻ എന്ന ചെറുപ്പക്കാരന് മേൽ വിധി തെരുവുഗുണ്ട എന്ന ചാപ്പ അടിച്ചേൽപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം. അയാളുടെ കുടുംബത്തിന്റെ കൂടി കഥ പറഞ്ഞുവയ്ക്കുന്നുണ്ട് 'കിരീടം'.
'കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്' എന്ന് തിലകന്റെ കഥാപാത്രം പറയുന്ന രംഗം മലയാളത്തിലെ മികച്ച സിനിമാ സന്ദർഭങ്ങളിൽ ഒന്നാണ്. തിലകനും മോഹൻലാലും വൈകാരികമായ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച സീൻ. മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത, ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ എന്നിങ്ങനെ വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. എസ്. കുമാറാണ് ആണ് ഛായാഗ്രഹണം. എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, അറ്റ്‌മോസ് മിക്‌സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്‌ലർ കട്‌സ്: ഡോൺ മാക്‌സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, ഡിസൈൻസ്: അർജ്ജുൻ, ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പിആർഒ: പി.ശിവപ്രസാദ്.