ഹൈദരബാദില്‍ വെച്ച് നടന്ന ലിറ്ററേച്ചല്‍ ഫെസ്റ്റിവലില്‍ നടന്‍ സിദ്ധാര്‍ത്ഥ് ആയിരുന്നു മുഖ്യാതിഥി. അവിടെ വെച്ച് സിദ്ധാര്‍ത്ഥ് അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും പുസ്തകത്തോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും സംസാരിച്ചു. അതോടൊപ്പം തന്റെ കരിയറില്‍ എങ്ങനെയാണ് ടോക്‌സിക് ആണുങ്ങളുടെ കഥാപാത്രം ചെയ്യുന്നതില്‍ നിന്നും മാറി നിന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.
സിദ്ധാര്‍ത്ഥ് വേദിയിലുള്ള പ്രേക്ഷകരുമായും തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിച്ചു. താന്‍ ചില സിനിമകള്‍ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ വലിയ താരമായേനെ എന്നും സിദ്ധാര്‍ത്ഥ് ഒരു ചോദ്യത്തിന് മറുപടി പറഞ്ഞു.
'എനിക്ക് സ്ത്രീകളെ തല്ലുന്ന, ഡാന്‍സ് നമ്പറുള്ള, സ്ത്രീകളോട് എന്ത് ചെയ്യണം എന്ന് പറയുന്ന തരത്തിലുള്ള തിരക്കഥകള്‍ ലഭിച്ചിരുന്നു. പക്ഷെ ഞാന്‍ അതെല്ലാം വേണ്ടെന്ന് വെച്ചു. അത് ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇന്ന് വലിയ താരമായേനെ. പക്ഷെ ഞാന്‍ എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളാണ് ചെയ്തത്', എന്നാണ് താരം പറഞ്ഞത്.
'ഇന്ന് ആളുകള്‍ വന്ന് എന്നോട് പറയും, നിങ്ങള്‍ സ്ത്രീകളോട് നല്ല രീതിയിലാണ് പെരുമാറിയത്, മാതാപിതാക്കളോടും കുട്ടികളോടും നല്ല രീതിയിലാണ് പെരുമാറിയത്, നിങ്ങള്‍ ക്യൂട്ടാണ് എന്നെല്ലാം. അവരുടെ കുട്ടികള്‍ 15 വര്‍ഷം മുന്നത്തെ എന്റെ സിനിമകള്‍ കാണുന്നു. അത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു അനുഭവമാണ്. എന്റെ ചുറ്റുമുള്ളവരെല്ലാം ദേഷ്യമുള്ള മാച്ചോ ആയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിച്ചത്. അവരെല്ലാം ആണുങ്ങള്‍ക്ക് വേദനിക്കില്ല എന്ന സന്ദേശമാണ് പുറത്തേക്ക് കൊടുത്തത്. പക്ഷെ എനിക്ക് സ്‌ക്രീനില്‍ കരയുന്നതില്‍ നിന്ന് സന്തോഷം ലഭിച്ചു', സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.