സിത്താര കൃഷ്ണകുമാർ 
MOVIES

ഒരു നാട് മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ച്ചയാണ് എങ്ങും: സിത്താര കൃഷ്ണകുമാര്‍

എല്ലാ ദുരന്തങ്ങളും, ദുരിതങ്ങളും മറികടന്ന് കൂടുതല്‍ ശക്തിയോടെ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും സിത്താര പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വയനാട് ചൂരല്‍മല ദുരന്തത്തില്‍ അനുശോചനമറിയിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ വിവരം അറിയിച്ചുകൊണ്ടാണ് സിത്താര ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചത്. എല്ലാ ദുരന്തങ്ങളും, ദുരിതങ്ങളും മറികടന്ന് കൂടുതല്‍ ശക്തിയോടെ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും സിത്താര പറഞ്ഞു.

'ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ, മനുഷ്യന് കൂട്ടായി മനുഷ്യന്‍ എന്ന ഒരേയൊരു വിചാരത്തില്‍ ഒരു നാട് മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ച്ചകളാണ് എങ്ങും. രാപ്പകല്‍ ഇല്ലാതെ രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സൈനികര്‍, പൊലീസ്, ഫയര്‍ഫോഴ്സ്, സാധാരക്കാരായ മനുഷ്യര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെക്കാള്‍ വലുതല്ല നമ്മുടെ ഏത് സംഭാവനയും! എന്നിരുന്നാലും, 2018 ലെ പ്രളയത്തില്‍ ഒരു വലിയ പരിധിവരെ ഇത്തരം പ്രകൃതിദുരന്തം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും, തീരാവ്യഥകളും നേരിട്ട് കണ്ടും കൊണ്ടും അനുഭവിച്ചതിന്റെ പരിചയത്തില്‍ പറയാന്‍ സാധിക്കും- അതിലും വ്യാപ്തിയേറിയ ഈ ദുരന്തത്തില്‍ നിന്നും, ആ പ്രദേശത്തെ ജനങ്ങള്‍ക്ക് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും സൗഖ്യപ്പെടുക എന്നത് ഏറെ ശ്രമകരമാണ് അതിനായി നമുക്ക് ഓരോരുത്തര്‍ക്കും തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാം! ഒരുമിച്ച് മുന്നോട്ട് നീങ്ങി സകല കടമ്പകളും കടന്നു പരിചയമുള്ളവരാണ് നമ്മള്‍. ഇത്തവണയും നമ്മള്‍ എല്ലാ ദുരന്തങ്ങളും, ദുരിതങ്ങളും മറികടന്ന് കൂടുതല്‍ ശക്തിയോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും, തീര്‍ച്ച', സിത്താര കുറിച്ചു.

അതേസമയം നിരവധി താരങ്ങളാണ് ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ചെയ്തത്. ഇന്നലെ നടന്‍ മോഹന്‍ലാല്‍ വയനാടിലെ ദുരന്തഭൂമിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഫിലിംഫെയര്‍ വേദിയില്‍ മമ്മൂട്ടി വയനാട്ടിലെ ജനതയ്ക്കായി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.


SCROLL FOR NEXT