MOVIES

സുധ കൊങ്കര-ശിവകാര്‍ത്തികേയന്‍ ചിത്രം ഒരു പിരീഡ് ഡ്രാമ; വില്ലനാകുന്നത് ജയം രവി

സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിലവില്‍ എസ്‌കെ25 എന്നാണ് പേരിട്ടിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരന്റെ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് ശിവകാര്‍ത്തികേയന്‍. ശിവകാര്‍ത്തികേയന്റെ 25-ാമത് ചിത്രമാണ് ഇനി അണിയറയില്‍ ഒരുങ്ങുന്നത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിലവില്‍ എസ്‌കെ25 എന്നാണ് പേരിട്ടിരിക്കുന്നത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കവെ ശിവകാര്‍ത്തികേയന്‍ എസ്‌കെ25നെ കുറിച്ച് തുറന്ന് സംസാരിച്ചു.

സിനിമ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഒരു പിരീഡ് ഡ്രാമയായിരിക്കുമെന്ന് ശിവകാര്‍ത്തികേയന്‍ വെളിപ്പെടുത്തി. ചിത്രത്തിന്റെ പ്രോമോ ഷൂട്ടിംഗ് പൂര്‍ത്തിയായെന്നും താരം പറഞ്ഞു. 'ഞങ്ങള്‍ സിനിമ ആരംഭിച്ചുകഴിഞ്ഞു. രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്റെ പ്രോമോ ഷൂട്ട് നടന്നിരുന്നു. വലിയ ബജറ്റിലും സ്‌കെയിലിലും ഒരുങ്ങുന്ന പിരീഡ് ഡ്രാമയാണ് ചിത്രം. ശ്രീലീല, അതര്‍വ എന്നിവരും ചിത്രത്തിലുണ്ട്. ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി കെ ചന്ദ്രനാണ് ക്യാമറ', എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.

അതിന് പുറമെ ജയം രവിക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതിനെ കുറിച്ചും താരം സംസാരിച്ചു. 'ഏറ്റവും സന്തോഷമുള്ള കാര്യമെന്താണെന്നാല്‍ ചിത്രത്തില്‍ ജയം രവി സാറുമുണ്ട് എന്നതാണ്. ഞാന്‍ അദ്ദേഹത്തെ വില്ലന്‍ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ അദ്ദേഹം സിനിമയില്‍ പ്രതിനായകനാണ്. അദ്ദേഹം സിനിമ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നി. അത് വളരെ മികച്ചൊരു കഥാപാത്രമാണ്', എന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ജയം രവിയുടെ സിനിമകള്‍ കണ്ടിരുന്നുവെന്നും ശിവകാര്‍ത്തികേയന്‍ അഭിമുഖത്തില്‍ പറഞ്ഞു. സുധാ കൊങ്കരയെ പോലൊരു സംവിധായികയ്‌ക്കൊപ്പം സിനിമ ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത്തരത്തില്‍ അതീവ ശ്രദ്ധാലുവായൊരാളെ ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നും ശിവകാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT