ചെന്നൈ: ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമയില്‍ താരപദവിയിലേക്ക് ഉയർന്ന നടനാണ് ശിവകാർത്തികേയന്‍. സഹനടനായെത്തി ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ നടന്‍ ഇപ്പോള്‍ മാസ് ആക്ഷന്‍ സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴിന് പുറമേ ഹിന്ദിയിലും ഒരു കൈനോക്കാനാണ് നടന്റെ പുറപ്പാടെന്നാണ് റിപ്പോർട്ടുകള്‍. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുമായുള്ള നടന്റെ കൂടിക്കാഴ്ച ഈ വാർത്തകള്‍ ബലപ്പെടുത്തിയിരിക്കുകയാണ്.
മുംബൈയിലെ ഓഫീസില്‍ എത്തിയാണ് സഞ്ജയ് ലീല ബന്‍സാലിയെ ശിവകാർത്തികേയന്‍ കണ്ടത്. ഈ വാർത്ത പരസ്യമായതോടെ ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. ബൻസാലിയുടെ ഓഫീസിൽ എത്തിയ ശിവകാർത്തികേയൻ മാധ്യങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബന്‍സാലി പടത്തില്‍ ശിവകാർത്തികേയന്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എ.ആർ. മുരുഗദോസ് ഒരുക്കിയ 'മദ്രാസി' ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. ബിഗ് ബജറ്റില്‍ ഇറങ്ങിയ 'മദ്രാസി' പ്രതീക്ഷിച്ച വിജയം നേടാതിരുന്നത് ശിവകാർത്തികേയന്‍ ആരാധകരെ നിരാശരാക്കിയിരുന്നു. വന്‍ പ്രോജക്ടുകളാണ് ശിവകാർത്തികേയന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇതില്‍ 'പരാശക്തി' ആണ് ശിവകാർത്തികേയന്‍ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 14 ന് പൊങ്കല്‍ റിലീസ് ആയി ചിത്രം എത്തുമെന്നാണ് റിപ്പോർട്ടുകള്‍. 'ഡോണ്‍' എന്ന സൂപ്പർഹിറ്റിനു ശേഷം സംവിധായകൻ സിബി ചക്രവർത്തിയുമായി കൈകോർക്കുന്ന സിനിമയുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്.
ശിവകാര്‍ത്തികേയന്റെ 25ാമത്തെ ചിത്രമാണ് 'പരാശക്തി'. അഥര്‍വ, രവി മോഹന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. ശ്രീലീലയാണ് നായിക. നെഗറ്റീവ് റോളിലാകും ചിത്രത്തില്‍ രവിമോഹന്‍ എത്തുക. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സതീഷ് സൂര്യ എഡിറ്റിങ്ങും നിര്‍വഹിക്കും. ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കുന്നത് സുപ്രീം സുന്ദറാണ്.