MOVIES

'ആവേശത്തിലെ ആ രംഗം എന്നെ ഫഹദിന്‍റെ മാഡ് ഫാനാക്കി'; എസ്.ജെ സൂര്യ

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് എസ്.ജെ സൂര്യ

Author : ന്യൂസ് ഡെസ്ക്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരനായ നടനാണ് എസ്.ജെ സൂര്യ. സംവിധായകനായി പേരെടുത്ത ശേഷം അഭിനയത്തില്‍ സജീവമായ എസ്.ജെ സൂര്യയ്ക്ക് തമിഴിന് പുറമെ മറ്റ് ഭാഷകളിലും നിരവധി ആരാധകരാണുള്ളത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ജിഗര്‍തണ്ട xxx'ലെ എസ്.ജെ സൂര്യയുടെ കഥാപാത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ മലയാളത്തിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് എസ്.ജെ സൂര്യ. ഫഹദിനൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും ഫഹദിന്‍റെ പ്രകടനങ്ങള്‍ തന്നെ വലിയ രീതിയില്‍ ആകര്‍ഷിച്ചിട്ടുണ്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ എസ്.ജെ സൂര്യ പറഞ്ഞിരുന്നു.

' ഫഹദ് സാറിനൊപ്പമാണ് മലയാളത്തിലെ എന്‍റെ അരങ്ങേറ്റം. ഫഹദിന്‍റെ മുന്‍ സിനിമകളൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ ഭ്രാന്തമായ ആരാധന തോന്നിയ ചിത്രം ആവേശമാണ്.അതിശയകരായ പ്രകടനമായിരുന്നു ആ സിനിമയില്‍ ഫഹദിന്‍റേത്. ക്ലൈമാക്സ് രംഗത്തില്‍ പയ്യന്‍റെ അമ്മയുടെ ഫോണ്‍ വന്നപ്പോള്‍ കോപം അടക്കിവെച്ച് ഫഹദ് മൂളൂന്ന രംഗമാണ് അതില്‍ ഏറ്റവും പ്രിയപ്പെട്ടത്. വിപിന്‍ ദാസിനെ കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. നല്ല പ്രകടനം കാഴ്ചവെക്കാനുള്ള അവസരം കിട്ടുമെന്ന് കരുതുന്നു '- എസ്.ജെ സൂര്യ പറഞ്ഞു.

രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. 150 കോടിയിലധികം ആഗോള കളക്ഷന്‍ നേടിയെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഒടിടി റിലീസിന് ശേഷം കേരളത്തിന് പുറത്തും വലിയ സ്വീകരണമാണ് ഫഹദിന് ലഭിക്കുന്നത്. രജനികാന്ത് ചിത്രം വേട്ടയ്യന്‍, അല്ലു അര്‍ജുന്റെ പുഷ്പ 2 എന്നിവയാണ് ഫഹദിന്‍റെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന പുതിയ സിനിമകള്‍.

SCROLL FOR NEXT