മോഹന്‍ ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കുന്നുമുണ്ട്. രണ്ട് വര്‍ഷത്തോളമെടുത്താണ് എംപുരാന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. മാര്‍ച്ച് 27ന് സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രം പൂര്‍ത്തിയായതോടെ താന്‍ ഒരു നടന് എന്ന രീതിയില്‍ പുതിയ പ്രോജക്ടുകളിലേക്ക് കടക്കുകയാണെന്ന് പൃഥ്വിരാജ് തന്നെ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അടുത്ത സിനിമയ്ക്കായുള്ള തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ അടക്കം നടൻ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഏത് ചിത്രമാണെന്ന് വെളിപ്പെടുത്തിയിട്ടുമില്ല. ഇതോടെ ഏത് ചിത്രമാണ് പൃഥ്വിരാജ് അടുത്തതായി ചെയ്യാന്‍ പോകുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ഇതിനകം ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്.
മലയാള ചിത്രത്തിലല്ല അദ്ദേഹം അഭിനയിക്കുന്നതെന്ന് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സൂചനകളിലൂടെ വ്യക്തമാണ്. പരിചിതമല്ലാത്ത തരം നീളന്‍ ഡയലോഗുകള്‍ ചിത്രത്തില്‍ ഉണ്ടെന്നത് തന്നെ എന്നെ വല്ലാതെ ആകുലനാക്കുന്നു എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.
ALSO READ: സേക്രഡ് ഗെയിംസ് രണ്ടാം സീസണിലേക്ക് നിർദേശിച്ചത് മഞ്ജു വാര്യരെയും, നയൻതാരയേയും; അനുരാഗ് കശ്യപ്
വരാനിരിക്കുന്ന എസ്എസ് രാജമൗലി-മഹേഷ് ബാബു ചിത്രത്തിലും മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ കരീന കപൂര്‍ ചിത്രത്തിലും പൃഥ്വിരാജ് ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ തന്നെ ഈ ചിത്രങ്ങളിലായിരിക്കും നടന് അടുത്തതായി അഭിനയിക്കുകയെന്ന അഭ്യൂഹം ശക്തമാണ്. പോസ്റ്റിന് താഴെ പലരും 'രാജ മൗലി പടം' എന്ന് കമന്റ് ചെയ്തിരിക്കുന്നതും കാണാം.
'എന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന എമ്പുരാന്റെ മാര്‍ക്കറ്റിംഗ് അടക്കമുള്ള എല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഒരു നടനെന്ന നിലയില്‍ എന്റെ അടുത്ത ചിത്രത്തിനായുള്ള ഗെറ്റപ്പിലേക്ക് എത്തിയിരിക്കുകയാണ്.
എന്നാല്‍ ചിത്രത്തിനായി നീണ്ട മോണോലോഗുകള്‍ പറയാനുള്ളതിനാല്‍ ഇപ്പോള്‍ തന്നെ ചെറുതായി പരിഭ്രമം തോന്നുന്നുണ്ട്,' എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
എംപുരാനിലെ സായിദ് മസൂദ് എന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന് താടിയുള്ള ലുക്കിലാണ് അദ്ദേഹം എത്തിയത്. എന്നാല്‍ താടിയില്ലാത്ത പുതിയ ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്.
കരീന കപൂര്‍ ഖാന് നായികയായി എത്തുന്ന മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ പുതിയ ലുക്ക് പ്രേക്ഷകരെ അദ്ദേഹത്തിന്റെ മുന്‍ പൊലീസ് വേഷങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്.
നേരത്തെ അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷ്രോഫിന്റെയും ബഡേ മിയാന്‍ ചോട്ടെ മിയാന്‍ എന്ന ചിത്രത്തിലും പൃഥ്വിരാജ് അഭിനയിച്ചിരുന്നു. വില്ലനായിട്ടായിരുന്നു ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചത്.
എസ്.എസ്.എം.ബി29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന രാജമൗലി ചിത്രത്തിന്റെ ഭാഗമാണ് പൃഥ്വിരാജ് എന്നും അഭ്യൂഹമുണ്ട്. പ്രിയങ്ക ചോപ്ര നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ അടുത്ത ആഴ്ച ഒഡീഷയില്‍ ചിത്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ മാര്‍ച്ചില്‍ ചിത്രത്തിന്റെ ഒഡീഷ ഷെഡ്യൂളില്‍ പൃഥ്വിരാജ് ചേരാന്‍ സാധ്യതയില്ലെന്നും ജോണ്‍ എബ്രഹാം ഏപ്രില്‍ ഷെഡ്യൂളില്‍ ഉണ്ടാകുമെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ തെലുങ്ക് ചിത്രത്തിന്റെ കഥയെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ ആര്‍ആര്‍ആര്‍ സംവിധായകന് ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ആരാധകര്‍ ഏറെ കാത്തിരിക്കുന്ന എംപുരാനില്‍ മലയാളം, ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഒട്ടേറെ വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പം ലൂസിഫറിലുണ്ടായിരുന്ന മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, എറിക് എബൗണി, അഭിമന്യു സിംഗ്, ജെറോം ഫ്ലിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് നിര്‍മാണം. ദീപക് ദേവ് ആണ് എംപുരാനും സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവ്. അഖിലേഷ് മോഹന്‍ ആണ് എഡിറ്റിങ്.