ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്ത 'ലോക ചാപ്റ്റർ വണ്‍: ചന്ദ്ര' ബോക്സ്ഓഫീസില്‍ പുതിയ റെക്കോർഡുകള്‍ എഴുതിച്ചേർക്കുകയാണ്. ഇതിനോടകം ഇന്‍ഡസ്ട്രി ഹിറ്റ് ആയ ചിത്രം അഞ്ചാം ആഴ്ചയും തിയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്നു. 275 കോടി രൂപയ്ക്ക് മുകളിലാണ് ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ് നിർമിച്ച സിനിമ കളക്ട് ചെയ്തത്. സിനിമയുടെ കഥാപശ്ചാത്തലവുമായി ബന്ധപ്പെട്ട നിരവധി ഫാന്‍ തിയറികളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കള്ളിയങ്കാട്ടു നീലി, കടമറ്റത്ത് കത്തനാർ, ചാത്തന്‍, ഒടിയന്‍ എന്നീ മിത്തുകളെ അണിനിരത്തി ഒരു ഫാന്റസി ലോകമാണ് ഡോമനിക് അരുണ്‍ ലോകയില്‍ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍, ഡൊമനിക് ഈ വിഷയങ്ങള്‍ ചേർത്ത് സിനിമയാക്കും മുന്‍പ് നീരജ് മാധവ് ഇവരെയൊക്കെ തന്റെ പാട്ടിലെ വരികളില്‍ ഒളിപ്പിച്ചു വച്ചിരുന്നതായാണ് സോഷ്യല്‍ മീഡിയയിലെ കണ്ടെത്തല്‍.
'പാണിപാളി 2' എന്ന നീരജ് മാധവിന്റെ റാപ്പില്‍ നിന്നാണ് ലോക ആരാധകർ നീലിയെയും മറ്റുള്ളവരെയും കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ലോക യൂണിവേഴ്സിന് തുടക്കം കുറിച്ചത് നീരജ് അല്ലേ എന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്റെ ചോദ്യം. ഇത്തരത്തില്‍ ഒരു വീഡിയോ നീരജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കും വച്ചു. മ്യൂസിക്ക് വീഡിയോയുടെ കമന്റ് സെക്ഷനിലും ടൈം കോഡ് വച്ച് 'ലോക കണ്ടിട്ട് എത്തിയവരുണ്ടോ' എന്ന് ചോദിക്കുന്നവരെയും കാണാം.
2021ലാണ് നീരജ് 'പണിപാളി 2' എന്ന മലയാളം റാപ്പ് മ്യൂസിക്ക് ആല്‍ബം പുറത്തിറക്കിയത്. പാട്ടിലെ, 'ഞാൻ ഇപ്പൊ വാംപയറാ' എന്ന് തുടങ്ങി 'ഇത്രയും പ്രേതത്തെ ഒരുമിച്ചു കണ്ടത് കടമറ്റത്തച്ഛന്റെ പാട്ടിലാ' എന്ന് വരെയുള്ള വരികളാണ് ലോകയുമായി ആരാധകർ ചേർത്തുവായിക്കുന്നത്.
അതേസമയം, ലോക യൂണിവേഴ്സിലെ രണ്ടാം ചിത്രവും വേഫെയറർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചാത്തനെ കേന്ദ്രീകരിച്ച് ഒരുക്കുന്ന രണ്ടാം ഭാഗത്തില്‍ ടൊവിനോ തോമസ് ആണ് നായകന്‍. ദുല്‍ഖർ സല്‍മാന്‍ ഈ സിനിമയിലും അതിഥി വേഷത്തില്‍ എത്തുമെന്ന സൂചന നല്‍കുന്നതായിരുന്നു സിനിമയുടെ അന്നൗണ്‍സ്‌മെന്റ് വീഡിയോ.