നഹാസ് ഹിദായത്ത്, സോഫിയ പോള്‍ 
MOVIES

ആവശ്യപ്പെട്ടത് ഒരു കോടിയിലേറെ നഷ്ടപരിഹാരം, ആര്‍ഡിഎക്‌സ് സംവിധായകനെതിരെ സോഫിയ പോള്‍

ഹര്‍ജിയില്‍ സംവിധായകന്‍ നഹാസിന് കോടതി സമന്‍സ് അയച്ചു

Author : ന്യൂസ് ഡെസ്ക്

ആര്‍ഡിഎക്‌സ് സിനിമയുടെ സംവിധായകന്‍ നഹാസ് ഹിദായത്തില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാവ് സോഫിയ പോള്‍. ഒരു കോടി രൂപയിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ സംവിധായകന്‍ നഹാസിന് കോടതി സമന്‍സ് അയച്ചു.

കരാര്‍ ലംഘനം ആരോപിച്ചാണ് നഹാസ് ഹിദായത്തിനെതിരെ നിര്‍മാതാവ് സോഫിയ പോളും നിര്‍മാണ കമ്പനിയും കോടതിയെ സമീപിച്ചത്. ആര്‍ഡിഎക്‌സ് സിനിമ സംവിധാനം ചെയ്യാന്‍ നവാഗതനായ നഹാസിന് 15 ലക്ഷം രൂപ നല്‍കാമെന്നും രണ്ടാമത്തെ സിനിമയും ഇതേ നിര്‍മാണ കമ്പനിക്ക് വേണ്ടി ചെയ്യാമെന്നുമായിരുന്നു കരാര്‍. ഇതനുസരിച്ച് നിര്‍മാതാക്കള്‍ 15 ലക്ഷം രൂപ നഹാസിന് നല്‍കി. ചിത്രം റിലീസ് ചെയ്തതിനുശേഷം രണ്ടാമത്തെ സിനിമക്കുള്ള അഡ്വാന്‍സായി 40 ലക്ഷം രൂപയും, പ്രിപ്രൊഡക്ഷന്‍ ജോലികള്‍ക്കായി നാല് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപയും നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ നഹാസ് പെട്ടന്നൊരു ദിവസം പുതിയ സിനിമയില്‍ നിന്നും പിന്‍മാറുകയാണെന്ന് നിര്‍മാതാക്കളെ അറിയിച്ചു. പല തവണ സിനിമ തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നഹാസ് അതിന് സമ്മതിച്ചില്ല. ഇതേ തുടര്‍ന്നാണ് നഹാസ് വാങ്ങിയ തുകയും 50 ലക്ഷം നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഓഗസ്റ്റ് ആറിന് ഹാജരാകണമെന്ന് കാണിച്ച് നഹാസിന് എറണാകുളം സബ് കോടതി സമന്‍സ് അയച്ചു.


SCROLL FOR NEXT