തമിഴ് നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയും സിനിമയിലേക്ക് എത്തുന്നു. അഭിനയത്തിന് പകരം സംവിധാനത്തിൽ കൈവെക്കുവാനാണ് ജേസൻ്റെ തീരുമാനം. ജേസന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രത്തിലെ നായകൻ സന്ദീപ് കിഷനാണ്. ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ സമൂഹ മാധ്യമ പ്ലാറ്റഫോമിലൂടെ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് പങ്കുവെച്ചത്.
ചിത്രത്തിന്റെ പേരോ അഭിനേതാക്കളെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ സംഗീതം നിർവഹിക്കുന്നത് എസ്. തമൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒരു മുഴുനീള സ്പോർട്സ് ചിത്രമായിരിക്കും എന്നുള്ള അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.
പ്രമുഖ സംവിധായകരായ സുധ കൊങ്കര, അൽഫോൻസ് പുത്രൻ തുടങ്ങിയവരുടെ സിനിമകളിൽ അഭിനയിക്കുവാൻ മകനെ ക്ഷണിച്ചതിനെക്കുറിച്ചു പല അഭിമുഖങ്ങളിലും നടൻ വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. അച്ഛനെ പോലെ തന്നെ ജേസൺ സഞ്ജയും സമൂഹമാധ്യമങ്ങളിൽ സജീവമല്ല. 2009 ൽ റിലീസ് ചെയ്ത വേട്ടൈക്കാരനിൽ കാമിയോ ആയിട്ടാണ് ജേസൺ ആദ്യമായി ബിഗ്‌സ്‌ക്രീനിൽ പ്രത്യക്ഷപെട്ടത്. . ടോറോൻ്റോ ഫിലിം സ്കൂളിൽ നിന്നും സിനിമാസംവിധാനത്തെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കിയിട്ടുള്ള ജേസൺ സഞ്ജയുടെ അരങ്ങേറ്റ ചിത്രത്തിനായി ആകാംക്ഷയോടെയാണ് വിജയ് ആരാധകർ കാത്തിരിക്കുന്നത് .