സഖാവ് പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനില്‍ വിനാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'വീരവണക്കം' എന്ന തമിഴ് ചിത്രത്തിലെ ടൈറ്റില്‍ ഗാനം തൊഴിലാളി വര്‍ഗത്തിന്റെ പ്രിയപ്പെട്ട നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണകള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് ചെന്നൈയില്‍ പ്രകാശനം ചെയ്തു.
കേരളമൊട്ടാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കാനായി ഒളിവിലും തെളിവിലും പ്രവര്‍ത്തിച്ചിരുന്ന സഖാവ് പി.കൃഷ്ണപിള്ള ആലപ്പുഴയില്‍ നിന്നും കണ്ടെത്തിയ നിശ്ചയദാര്‍ഢ്യവും വിപ്ലവവീര്യവുമുള്ള യുവാവായിരുന്നു, വി.എസ്. അച്ചുതാനന്ദന്‍. പുന്നപ്ര - വയലാര്‍ സമരം ഉള്‍പ്പെടെയുള്ള തൊഴിലാളിവര്‍ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം നല്‍കിയവരെയും അനുസ്മരിക്കുന്ന 'വീരവണക്ക'ത്തിലെ ഈ പ്രധാനഗാനം, വി.എസിനോടുള്ള ആദരസൂചകമായിട്ടാണ് ചെന്നൈയില്‍ പുറത്തിറക്കിയത്.
തമിഴ്‌നാട്ടിലെ ദ്രാവിഡ കഴകം പ്രസിഡന്റും പെരിയാറുടെ പിന്‍ഗാമിയും സര്‍വ്വാദരണീയനുമായ ശ്രീ. കെ.വീരമണിയാണ് ഗാനം റിലീസ് ചെയ്തത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ചരിത്ര പാരമ്പര്യവും പുരോഗമനചിന്തകളും പരസ്പരസ്‌നേഹവും ഏവരുടെയും ഓര്‍മകളില്‍ നിറയാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയുടെയും തമിഴ്‌നാടിന്റെയും ഇതിഹാസ ഗായകന്‍ ടി.എം. സൗന്ദര്‍ രാജന്റെ മകന്‍ ടി.എം.എസ്. സെല്‍വകുമാറിനെ ചലച്ചിത്ര ഗാനലോകത്ത് അവതരിപ്പിക്കുന്ന ഗാനം കൂടിയാണിത്. അതുകൊണ്ട് തന്നെ ഈ ഗാനം പുറത്തിറങ്ങും മുമ്പ് തമിഴ്‌നാട്ടില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വിശാരദ് ക്രിയേഷന്‍സ് എന്ന യൂട്യൂബ് ചാനലില്‍ ഗാനം ലഭ്യമാണ്.