സൗബിന്‍ ഷാഹിർ Source : X
MOVIES

'കൂലി' പ്രീ റിലീസ് ഇവന്റില്‍ മോണിക്ക ഗാനത്തിന് ചുവടുവെച്ച് സൗബിന്‍; പവര്‍ഹൗസ് പെര്‍ഫോമെന്‍സ് എന്ന് ആരാധകര്‍

മോണിക്ക എന്ന ഗാനം റിലീസ് ചെയ്ത സമയത്തും ഈ ചര്‍ച്ചകള്‍ നടന്നിരുന്നു. പൂജ ഹെഗ്ഡയ്‌ക്കൊപ്പം തകര്‍ത്താടിയ സൗബിനെ അന്നും ആരാധകര്‍ പ്രശംസിച്ചു.

Author : ന്യൂസ് ഡെസ്ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലിയുടെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസമാണ് നടന്നത്. രജനികാന്ത്, ആമിര്‍ ഖാന്‍ അടക്കമുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പ്രീ റിലീസ് ഇവന്റിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ വൈറലാണ്. പക്ഷെ ഇവന്റില്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രധാന താരമാണ് സൗബിന്‍.

സൗബിന്റെ പവര്‍ഹൗസ് പെര്‍ഫോമന്‍സിന് സമൂഹമാധ്യമത്തില്‍ മുഴുവന്‍ പ്രശംസയാണ് ലഭിക്കുന്നത്. ചിത്രത്തിലെ മോണിക്ക എന്ന ഗാനത്തിന് താരം പ്രീ റിലീസ് ഇവന്റില്‍ ചുവടുവെച്ചിരുന്നു. സ്റ്റേജില്‍ കൂളായി ഡാന്‍സ് ചെയ്യുന്ന സൗബിനെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മോണിക്ക എന്ന ഗാനം റിലീസ് ചെയ്ത സമയത്തും ഈ ചര്‍ച്ചകള്‍ നടന്നിരുന്നു. പൂജ ഹെഗ്ഡയ്‌ക്കൊപ്പം തകര്‍ത്താടിയ സൗബിനെ അന്നും ആരാധകര്‍ പ്രശംസിച്ചു. പൂജയുടെ ഡാന്‍സിനേക്കാള്‍ സൗബിന്റെ പ്രകടനം പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൗബിന്റെ സീനുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ദയാല്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് സൗബിന്‍ ചിത്രത്തിലെത്തുന്നത്.

ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലനെന്ന് ഒരു അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പം സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തും.

ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ബോളിവുഡ് ചിത്രമായ വാര്‍ 2വുമായി ക്ലാഷ് റിലീസിന് ഒരുങ്ങുകയാണ് കൂലി. ഋത്വിക് റോഷന്‍, ജൂനിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വാര്‍ 2.

SCROLL FOR NEXT