കൊച്ചി: "ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ.. നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ," ഈ താരാട്ട് പാട്ട് കേട്ട വളർന്നവരാണ് ഓരോ മലയാളിയും അല്ലേ... എത്ര വളർന്നാലും ആ പാട്ട് കേട്ട് ഉറങ്ങാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകുമോ...
'സാന്ത്വനം' എന്ന സിനിമയിൽ അമേരിക്കയിൽ നിന്നുമെത്തിയ കൊച്ചുമകൾ ഈ താരാട്ട് പാട്ട് പാടുന്നത് കേട്ടിരിക്കുന്നു മുത്തച്ഛനേയും മുത്തശ്ശിയേയും പ്രേക്ഷകർ കണ്ടു. അന്ന് മുതൽ മനസിൽ പതിഞ്ഞതാണ് ആ പാട്ടും അഭിനയിച്ച നടിയേയും. പറയാൻ കാര്യം, 1991ൽ പുറത്തിറങ്ങിയ സാന്ത്വനത്തിൽ ഈ പാട്ടു പാടി മലയാളി പ്രേക്ഷകരുടെ മനസ് നേടിയ താരമാണ് നടി മീന. ഇന്ന് അവർ തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന താരമാണ്.
ബാലതാരമായി തുടങ്ങി, രജനികാന്തിൻ്റെയും കമൽഹാസൻ്റെയും നായികയായി തിളങ്ങി... അവിടെ നിന്നും മലയാളി പ്രേക്ഷകരുടെയും പ്രിയ താരമായി മാറിയ മീന. സാന്ത്വനത്തിന് ശേഷം വർണപ്പകിട്ടിൽ മോഹൻലാലിൻ്റെ നായികയായി മലയാളത്തിലേക്ക് എത്തിയ മീന പിന്നീട് മലയാളത്തിലെ എല്ലാ സൂപ്പർ സ്റ്റാറുകളുടെയും നായികയായി.
ഇന്നും മലയാളികൾ കാത്തിരിക്കുന്ന ദൃശ്യം സിനിമാ സീരിസിലും മോഹൻലാലിൻ്റെ ജോഡി മീന തന്നെ. സിനിമയില്‍ നാല് പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് നടി മീന. 1982ല്‍ റിലീസ് ചെയ്ത നെഞ്ചങ്കള്‍ എന്ന സിനിമയില്‍ ബാലതാരമായാണ് തുടക്കം. ഇന്നും നായികയായി നിൽക്കാനാകുന്നതാണ് മീനയുടെ പ്രേക്ഷക സ്വീകാര്യതയും.
ഇന്ന് പ്രിയ താരം മീനയുടെ 49ാം പിറന്നാൾ ദിനമാണ്. സിനിമയിലെ മാറ്റത്തിനൊപ്പം സഞ്ചരിക്കുകയും സ്വയം നവീകരിക്കുകയും ചെയ്ത അഭിനേത്രി എന്ന നിലയില്‍ തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ മീനയെ അടയാളപ്പെടുന്നത്. പ്രിയപ്പെട്ട മീന, ന്യൂസ് മലയാളത്തിൻ്റെ പിറന്നാൾ ആശംസകൾ.