സ്‌ക്വിഡ് ഗെയിം സീസണ്‍ 2 റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 26നാണ് സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്നത്. 2021ലാണ് സീരീസിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സീരീസിന്റെ രണ്ടാം ഭാഗം റിലീസിന് എത്തുന്നത്. സീസണ്‍ 3യോടു കൂടി സീരീസ് അവസാനിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. അവസാന സീസണ്‍ 2025ലാണ് പ്രേക്ഷകരിലേക്ക് എത്തുക. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ടീസറിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്.
രണ്ടാം സീസണില്‍ ലീ അവതരിപ്പിച്ച നായക കഥാപാത്രമായ സുങ് ഗി ഹണിലൂടെയാണ് കഥ തുടരുന്നത്. ആദ്യ സീസണ്‍ ആഗോള തലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. സീരീസിന്റെ സംവിധായകന്‍ ഹ്വാങ് ഡോങ് ഹ്യൂക്കിനും നടന്‍ ലീ ജംഗ് ജെയ്ക്കിനും എമ്മി പുരസ്‌കാരം ലഭിച്ചിരുന്നു.
ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സീസണ്‍ 1ന് മികച്ച പ്രതികരണം നല്‍കിയിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. സീസണ്‍ 2ന്റെ റിലീസ് അറിയിക്കുന്നതിലും സീസണ്‍ 3 അവസാന സീസണ്‍ ആണെന്ന് അറിയിക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ഹ്വാങ് ഡോങ് ഹ്യൂക് അറിയിച്ചു.