മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിനായി മോഹൻലാൽ കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ എത്തിയിരുന്നു. ശ്രീലങ്ക താരത്തെ സ്വീകരിച്ച ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമത്തിൽ തരംഗമായിരുന്നു. ഇപ്പോഴിതാ ശ്രീലങ്കൻ പാർലമെന്റിലും എത്തിയിരിക്കുകയാണ് മോഹൻലാൽ.
ഭരണാധികാരികൾ മോഹൻലാലിനെ ശ്രീലങ്കയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തിരിക്കുകയാണ്. പാർലമെന്റിൽ നിന്നുള്ള മോഹൻലാലിന്റെ വീഡിയോ തരംഗമായികൊണ്ടിരിക്കുകയാണ്. ആരാധകർ ആവേശത്തോടെയാണ് ഇതു ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേര് ശ്രീലങ്കൻ ടൂറിസം പേജിലൂടെ പുറത്തുവന്നത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
മോഹൻലാൽ എന്ന ലെജൻഡ് തന്റെ മലയാളം സിനിമയായ 'പാട്രിയറ്റിന്റെ' ചിത്രീകരണത്തിനായി എത്തിയിരിക്കുകയാണ്. അദ്ദേഹം ശ്രീലങ്കയെ ചിത്രീകരണത്തിന് അനുയോജ്യമായ സ്ഥലമെന്ന് വിശേഷിപ്പിച്ചുവെന്നാണ് എക്‌സ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം മോഹൻലാലിന് പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന സീനുകളായിരിക്കും ശ്രീലങ്കയിൽ ചിത്രീകരിക്കുക. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. 80 കോടിയോളം വരുന്ന ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർവഹിക്കുന്നത്.
ബോളിവുഡിൽ പ്രശസ്തനായ മനുഷ് നന്ദൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സി ആർ സലിം, സുഭാഷ് ജോർജ് എന്നിവരാണ് സഹനിർമ്മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കൽ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ ഫാന്റം പ്രവീൺ.