ബാഹുബലി പോസ്റ്റർ  Source : X
MOVIES

'ബാഹുബലി ദി എപ്പിക്' : രണ്ട് സിനിമകളും സംയോജിപ്പിച്ച് റീ റിലീസ്, 10-ാം വാര്‍ഷികത്തില്‍ പ്രഖ്യാപനവുമായി രാജമൗലി

2015ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2017ല്‍ കണ്‍ക്ലൂഷനും പുറത്തിറങ്ങി.

Author : ന്യൂസ് ഡെസ്ക്

എസ്.എസ്. രാജമൗലിയുടെ എപ്പിക് സിനിമയായ 'ബാഹുബലി : ദ ബിഗിനിങ്' റിലീസ് ചെയ്ത് 10 വര്‍ഷം പിന്നിടുന്നു. ചിത്രത്തിന്റെ പത്താം വാര്‍ഷികത്തില്‍ രാജമൗലി രണ്ട് ഭാഗങ്ങളും സംയോജിപ്പിച്ച പുതിയ ചിത്രമായ 'ബാഹുബലി ദി എപ്പിക്' പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററിലെത്തുമാണ് അദ്ദേഹം എക്‌സ് പോസ്റ്റില്‍ അറിയിച്ചത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്നെ നിര്‍മാണ സ്ഥാപനമായ അര്‍ക മീഡിയ വര്‍ക്ക്‌സ് 'ബാഹുബലി'യുടെ രണ്ട് ഭാഗങ്ങളും സംയോജിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

പ്രഖ്യാപനത്തിന് പിന്നാലെ ആരാധകര്‍ ആവേശത്തിലാണ്. കാത്തിരിക്കാന്‍ വയ്യെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ബാഹുബലിയുടെ മൂന്നാം ഭാഗം പ്രതീക്ഷിക്കാമോ എന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.

അമരേന്ദ്ര ബാഹുബലിയുടെ മകനായ മഹേന്ദ്ര ബാഹുബലിയുടെ കഥയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പറഞ്ഞുവെക്കുന്നത്. രണ്ടാം ഭാഗത്തില്‍ എങ്ങനെ അമരേന്ദ്ര ബാഹുബലിയെ ചതിയിലൂടെ കട്ടപ്പ കൊലപ്പെടുത്തിയെന്ന് പറയുകയും തുടര്‍ന്ന് മഹേന്ദ്ര ബാഹുബലി മഹിഷ്മതിയുടെ രാജാവാകുയും ചെയ്യുന്നു. 2015ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2017ല്‍ കണ്‍ക്ലൂഷനും പുറത്തിറങ്ങി.

പ്രഭാസിന് പുറമെ, റാണ ദഗുബാട്ടി, രമ്യ കൃഷ്ണ, അനുഷ്‌ക ഷെട്ടി, സത്യരാജ്, നാസര്‍, തമന്ന എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. 650 കോടിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം ബോക്‌സ് ഓഫീസില്‍ കളക്ട് ചെയ്തത്. രണ്ടാം ഭാഗം 1788.06 കോടിയും നേടി. 'ദംഗല്‍' (2016), 'പുഷ്പ 2: ദി റൂള്‍' (2024) എന്നിവയ്ക്ക് ശേഷം എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ മൂന്നാം സ്ഥാനം ബാഹുബലിക്കാണ്.

SCROLL FOR NEXT