മലയാളത്തിലെ ക്ലാസിക് ചിത്രമായ ചെമ്മീനും അതിലെ ഗാനങ്ങളും മലയാളികളുടെ മനസ്സിൽ എക്കാലവും തങ്ങിനിൽക്കുന്ന ഒന്നാണ്. ചെമ്മീൻ പുറത്തിറങ്ങി ആറ് പതിറ്റാണ്ട് പിന്നിടുമ്പോൾ, മത്സ്യ തൊഴിലാളികളുടെ കഥ പറഞ്ഞ ചിത്രത്തിൽ അഭിനയിച്ച ഒരാളെ പരിചയപ്പെടാം. ആലപ്പുഴ ജില്ലയിൽ നിന്ന് ചെമ്മീനിൽ അഭിനയിച്ച ഏക നടിയായ- സേതു നിവാസിൽ തങ്ക.
ചെമ്മീനിലെ 'കടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ...' എന്ന പാട്ട് ഒരു തവണയെങ്കിലും മൂളാത്ത മലയാളി ഉണ്ടാകില്ല. ചെമ്മീൻ എന്ന ക്ലാസിക് പിറന്നിട്ട് 60 വർഷം പിന്നിടുമ്പോഴും ഇന്നും പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നു എന്നതാണ് അതിലെ ആശ്ചര്യം. ചെമ്മീന്റെ ഭാഗമായത് ഭാഗ്യമായി കരുതുന്ന ഒരാൾ ചേർത്തലയിലുണ്ട്. ചേർത്തല നഗരസഭ ഒമ്പതാം വാർഡിലെ സേതു നിവാസിൽ തങ്കം. ആലപ്പുഴ ജില്ലയില്‍ നിന്ന് ചെമ്മീൻ സിനിമയുടെ ഭാഗമായ ഏക വ്യക്തിയാണ് തങ്കം.
ചെറിയ പ്രായം തൊട്ടേ തങ്കം നൃത്തം അഭ്യസിച്ചിരുന്നു. തകഴിയും അച്ഛനും തമ്മിലുള്ള പരിചയത്തിൻ്റെ പുറത്താണ് അന്ന് സിനിമയിൽ അഭിനയിക്കാനായത്. ഷീലയുടെ അനിയത്തിയായി അഭിനയിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, പിന്നീട് അതിന് കഴിഞ്ഞില്ല. കറുത്തമ്മയുടെ കളിക്കൂട്ടുകാരിയായാണ് അതില്‍ തങ്കം എത്തിയത്. ആറ് പതിറ്റാണ്ട് മുൻപ് കഥകളുടെ ഭൂമിയായ പുറക്കാട്ട് കടപ്പുറത്തായിരുന്നു പാട്ടിന്റെ ചിത്രീകരണം. നർത്തകി കൂടിയായ തങ്കം പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.
കണ്ണപ്പനുണ്ണി, കടത്തനാട്ടുമാക്കം, നീലപൊൻമാൻ, ചൂള തുടങ്ങി നിരവധി സിനിമകളിലാണ് തങ്കം എത്തിയത്. എത്രയൊക്കെ സിനിമകളിൽ അഭിനയിച്ചെങ്കിലും ഓർമ്മകളില്‍ ചെമ്മീനിലെ അനുഭവത്തോളം വരില്ല മറ്റൊരു സിനിമയുമെന്നും തങ്കം പറയുന്നു.