ചെന്നൈ: കമല്‍ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിച്ച്, രജനികാന്ത് നായകനായി എത്തുന്ന ചിത്രത്തില്‍ നിന്നും പിന്മാറുന്നതായി സംവിധായകൻ സുന്ദർ സി. അടുത്തിടെയാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കമലും രജനിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ആരാകുമെന്ന് അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്. അന്‍പേ ശിവം, അരുണാചലം എന്നീ സിനിമകൾ എടുത്ത സുന്ദർ സി ആണ് സംവിധായകൻ എന്നറിഞ്ഞതോടെ ആവേശത്തിലായിരുന്നു ആരാധകർ.
സോഷ്യൽ മീഡിയയിലൂടെയാണ് 'തലൈവർ 173' യില്‍ നിന്ന് പിന്‍മാറുന്നതായി സുന്ദർ സി അറിയിച്ചത്. സംവിധായകന്റെ പിന്മാറ്റത്തിൽ ഞെട്ടലിലാണ് ആരാധകർ. 'അരുണാചല'ത്തിന് ശേഷം സുന്ദർ സി സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തില്‍ ആരാധകർ ഏറെ പ്രതീക്ഷ വച്ചിരുന്നു. ബജറ്റ് പ്രശ്നവും അഭിപ്രായ വ്യത്യാസങ്ങളുമാണ് സംവിധായകന്റെ പിന്‍മാറ്റത്തിന് കാരണം എന്നാണ് ഒരു വിഭാഗം പറയുന്നത്. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണമാകാം പിന്മാറ്റമെന്നും അഭ്യൂഹങ്ങളുണ്ട്.
അതേസമയം, അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണമാണ് പ്രൊജക്ടിൽ നിന്ന് പിന്മാറുന്നത് എന്നാണ് സുന്ദർ സിയുടെ ഔദ്യോഗിക വിശദീകരണം. ആരാധകരെ നിരാശരാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ, ഇനി ഈ ബിഗ് ബജറ്റ് ചിത്രം ആരാകും സംവിധാനം ചെയ്യുക എന്നതാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. നെൽസണ്‍, ലോകേഷ് കനകരാജ്, കാർത്തിക് സുബ്ബരാജ് എന്നിവരുടെ പേരുകളാണ് ആരാധകർ മുന്നോട്ടുവയ്ക്കുന്നത്. പുതിയ സംവിധായകനെ കണ്ടെത്താനുള്ള തിരക്കിട്ട പ്രവർത്തനങ്ങളിലാണ് രാജ് കമല്‍ ഫിലിംസ് എന്നാണ് റിപ്പോർട്ടുകൾ.