ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണി. ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങി പോരണമെന്നാണ് സണ്ണി ലിയോണി പറഞ്ഞത്. തനിക്ക് സിനിമ മേഖലയില്‍ നിന്ന് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സണ്ണി ലിയോണി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സണ്ണി ലിയോണിയുടെ വാക്കുകള്‍ :
എനിക്ക് എന്റെ അനുഭവത്തില്‍ നിന്നേ സംസാരിക്കാന്‍ കഴിയൂ. മറ്റുള്ളവര്‍ ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ദുരനുഭവങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. സ്വന്തം വ്യക്തിത്വത്തിലും വര്‍ക്കിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് കൂടുതല്‍ പ്രതിഫലമോ മറ്റെന്തെങ്കിലുമോ വേണമെന്ന് തോന്നിയാല്‍ ഞാന്‍ അതിനായി സംസാരിച്ചിട്ടുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
ഒരു സ്ത്രീയെന്ന നിലയിലും യുവാക്കളെന്ന നിലയിലും നമുക്ക് തീരുമാനങ്ങളെടുക്കാനുള്ള അവസരങ്ങളുണ്ടായിരിക്കും. അപ്പോള്‍ ശരിയെന്ന് തോന്നുന്നവ തെരഞ്ഞെടുക്കണം, ശരിയല്ലെന്ന് തോന്നുന്നവയോട് നോ പറഞ്ഞ് ഇറങ്ങിപ്പോരണം.
പല വാതിലുകളും എന്റെ മുന്നില്‍ അടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷെ അതുകൊണ്ട് എനിക്കൊരു പ്രശ്നവുമില്ല. ഒരു അവസരം നഷ്ടപ്പെട്ടാല്‍ മറ്റ് നൂറ് അവസരങ്ങള്‍ നമുക്ക് മുന്നില്‍ വരും.