സൂപ്പർ ലീഗ് കേരള പ്രമോ വീഡിയോ 
MOVIES

"മോനേ ബേസിലേ, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയില്‍ തോട്ടി കേറ്റി കളിക്കല്ലേ"; തിരുവനന്തപുരത്തിന് താനുണ്ടെന്ന് 'തരൂർ അണ്ണന്‍'

കഴിഞ്ഞ തവണ സൂപ്പർ ലീഗില്‍ തങ്ങളായിരുന്നു ജേതാക്കളെന്ന് തരൂരിനേയും ബേസില്‍ ഓർമിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

ഫുട്ബോള്‍ ആരാധകരെ ചിരിപ്പിച്ചിരുത്തുന്ന കിടിലന്‍ പ്രമോകള്‍ ഒന്നൊന്നായി ഇറക്കിവിടുകയാണ് സൂപ്പർ ലീഗ് കേരള. ആദ്യം ഇറങ്ങിയ പ്രമോയില്‍ നിലവിലെ ചാംപ്യന്മാരായ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി ബേസില്‍ ജോസഫ് ഫോഴ്സാ കൊച്ചി എഫ്.സി ഉടമ പൃഥ്വിരാജിനെയാണ് ഫോണില്‍ വിളിച്ച് വെല്ലുവിളിച്ചതെങ്കില്‍ ഇത്തവണ മറ്റൊരാളാണ് സംവിധായകന്റെ കോള്‍ എടുക്കുന്നത്.

തിരുവനന്തപുരം കൊമ്പന്‍സിന് വേണ്ടി ശശി തരൂർ എംപിയാണ് ബേസിലിന്റെ വെല്ലുവിളിക്ക് തക്ക മറുപടി നല്‍കുന്നത്. ബ്രിട്ടീഷ് ശൈലിയില്‍ കട്ട ഇംഗ്ലീഷില്‍ സംഭാഷണം പറഞ്ഞ് പഠിച്ചാണ് ബേസില്‍ തരൂരിനെ ഫോണ്‍ ചെയ്യുന്നത്. പക്ഷേ മറുപുറത്തെ 'തരൂറോസോറസി'നെ നേരിടാന്‍ അതുകൊണ്ടായില്ല.

കഴിഞ്ഞ തവണ സൂപ്പർ ലീഗില്‍ തങ്ങളായിരുന്നു ജേതാക്കളെന്ന് തരൂരിനേയും ബേസില്‍ ഓർമിപ്പിച്ചു. "തോല്‍ക്കാന്‍ തയ്യാറായിക്കൊള്ളൂ" എന്ന മുന്നറിയിപ്പും. പക്ഷേ, എത്ര വേണമെങ്കിലും സ്കോർ ചെയ്തോളൂ. ഈ തവണ തിരുവനന്തപുരത്തിന് 'എക്ട്രാ സ്പെഷ്യലായി' താനുണ്ടാകും എന്നായിരുന്നു തരൂരിന്റെ മറുപടി. കൊമ്പന്മാരുടെ ഇത്തവണത്തെ മറ്റൊരു സവിശേഷത കേട്ടതോടെയാണ് ബേസില്‍ ശരിക്കും തളർന്നുപോയത് - തരൂരിന്റെ 'sesquipedalian eloquence'. അതെന്താണെന്ന് മനസിലാകാതെ ദക്ഷിണേന്ത്യയില്‍ തരൂരിന് മറുപടി പറയാന്‍ പറ്റിയ ഒരാളെയുള്ളൂവെന്നും അദ്ദേഹം വിളിക്കുമെന്നും കരുതിയിരിക്കണമെന്നും പറഞ്ഞാണ് ബേസില്‍ തടിയൂരുന്നത്.

സംസാരം മലയാളത്തിലേക്ക് മാറ്റിയാണ് ശശി തരൂർ ബേസിലിന് മറുപടി നല്‍കിയത്. "മോനേ ബേസിലേ, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയില്‍ തോട്ടി കേറ്റി കളിക്കല്ലേ" എന്ന ഡയലോഗില്‍ അറിയാതെ ബേസില്‍ 'തരൂർ അണ്ണാ' എന്ന് വിളിച്ചുപോയി.

കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ ഒക്ടോബർ രണ്ടിന് ആണ് സൂപ്പർ ലീഗ് കേരള രണ്ടാം സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ബേസില്‍ ജോസഫിന്റെ കാലിക്കറ്റ് എഫ്.സി പൃഥ്വിരാജ് സുകുമാരന്റെ ഫോഴ്സാ കൊച്ചി എഫ്.സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം.

SCROLL FOR NEXT