ദർശന്‍ 
MOVIES

"ഹൈക്കോടതി ഇത്തരമൊരു തെറ്റ് ചെയ്യുകയോ?"; നടന്‍ ദര്‍ശന്റെ ജാമ്യത്തില്‍ സുപ്രീം കോടതി

വിവേചനാധികാരം പ്രയോഗിക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതി അറിയിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: രേണുകാ സ്വാമി കൊലക്കേസില്‍ കര്‍ണാടക ഹൈക്കോടതി നടന്‍ ദര്‍ശന്‍ തൂഗുദീപയുള്‍പ്പടെയള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഹൈക്കോടതി ജുഡീഷ്യല്‍ വിവേചനാധികാരം വിവേകപൂര്‍വ്വം പ്രയോഗിച്ചോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

ദര്‍ശന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഹൈക്കോടതിയെ ശാസിക്കുന്നത്. വിവേചനാധികാരം പ്രയോഗിക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതി അറിയിച്ചിരുന്നു.

ഹൈക്കോടതി ചെയ്ത അതേ തെറ്റ് തങ്ങളും ചെയ്യില്ലെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് ആര്‍ മഹാദേവനും അടങ്ങിയ ബെഞ്ച് പറഞ്ഞു. "ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച രീതി വളരെ ഖേദകരമാണ്, മറ്റ് കേസുകളിലും ഹൈക്കോടതി ഇതേ തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കുമോ?", എന്ന് ജസ്റ്റിസ് പര്‍ദിവാല ചോദിച്ചു.

ഇത് പ്രഥമദൃഷ്ട്യാ ജുഡീഷ്യല്‍ അധികാരത്തിന്റെ വികലമായ വിനിയോഗമാണെന്നും സുപ്രീം കോടതി പറഞ്ഞു. "ഒരു വിചാരണ കോടതി ജഡ്ജി ഇത്തരമൊരു തെറ്റ് ചെയ്യുന്നത് മനസിലാക്കാം. പക്ഷെ ഒരു ഹൈക്കോടതി ജഡ്ജി!", എന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

വിഷയം പരിശോധിച്ച് വിധി പറയുമെന്ന് വ്യക്തമാക്കിക്കൊണ്ട് ബെഞ്ച് വാദം കേള്‍ക്കല്‍ അവസാനിപ്പിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്ന ഒരു വിധി പ്രസ്താവിക്കില്ല. പക്ഷേ, ഹൈക്കോടതിയുടെ നടപടിക്രമങ്ങള്‍ പരിശോധിച്ച് ഒരു തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നടി പവിത്ര ഗൗഡയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ചുവെന്ന് ആരോപിച്ചാണ് ദര്‍ശന്റെ നിര്‍ദേശപ്രകാരം രേണുകാ സ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 2024 ജൂണ്‍ 7നാണ് രേണുകാ സ്വാമിയെ തട്ടികൊണ്ടു പോയത്. ജൂണ്‍ 9ന് രേണുകാ സ്വാമിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

SCROLL FOR NEXT