കൊച്ചി: മലയാളികളെ ത്രസിപ്പിച്ച ആ സുരേഷ് ഗോപി ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഷാജി കൈലാസിന്റെ 'കമ്മീഷണർ' എന്ന സിനിമയാണ് റീ റിലീസിന് ഒരുങ്ങുന്നത്. നേരത്തെ, സിനിമയുടെ റീമാസ്റ്ററിങ് പോസ്റ്റർ സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 4കെ ദൃശ്യമികവോടെയാണ് 'കമ്മീഷണർ' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. അടുത്ത വർഷം ജനുവരിയിലാകും റീ റിലീസ്. ചിത്രത്തിലെ മാസ് ആക്ഷനും ഡയലോഗുകളും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. രണ്‍ജി പണിക്കർ ആയിരുന്നു സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങളുടെ റീ റിലീസുകൾ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ സിനിമ എത്തുന്നത്.
മുപ്പത്തിയൊന്നു വർഷങ്ങൾക്കു മുമ്പ് ഇറങ്ങിയ 'കമ്മീഷണറി'ലെ ഭരത് ചന്ദ്രൻ ഐപിഎസ് എന്ന വേഷം സുരേഷ് ഗോപിയെ സൂപ്പർ താര പദവിയിലേക്ക് നയിച്ച കഥാപാത്രം കൂടിയായിരുന്നു. ചിത്രം കേരളത്തിൽ വൻ വിജയം നേടിയപ്പോൾ തമിഴിലും, തെലുങ്കിലും മൊഴിമാറ്റത്തിലൂടെയും വലിയ വിജയം നേടുകയുണ്ടായി. തെലുങ്കിൽ നൂറ് ദിവസത്തിനുമേൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിലൂടെ സുരേഷ് ഗോപിക്ക് തമിഴിലും തെലങ്കിലും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. സുരേഷ് ഗോപി ചിത്രങ്ങളുടെ ഡബ്ബിങ് റൈറ്റിനും വലിയ ഡിമാൻഡും ഉണ്ടായി.
1994 ൽ ആണ് 'കമ്മീഷണർ' റിലീസ് ആയത്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി ആയിരുന്നു നിർമാണം. സുരേഷ് ഗോപിക്ക് പുറമേ ശോഭന, എം.ജി. സോമൻ, രതീഷ്, ബൈജു സന്തോഷ്, ഗണേഷ് കുമാർ, വിജയ രാഘവൻ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷങ്ങളിൽ എത്തിയത്. 'കമ്മീഷണറി'ലും, അതിനു തുടർച്ചയായി എത്തിയ ഭരത് ചന്ദ്രൻ ഐപിഎസ്സിലും ഉപയോഗിച്ച പശ്ചാത്തല സംഗീതം പ്രേഷകരെ ഏറെ ആവേശം കൊള്ളിക്കുന്നതായിരുന്നു. പുതിയ കമ്മീഷണറിൽ പശ്ചാത്തല സംഗീതം പുനരാവിഷ്കാരം നടത്തിയിരിക്കുന്നത് ബെന്നി ജോൺസൺ ആണ്.
സംഗീതം - രാജാമണി, ഛായാഗ്രഹണം -ദിനേശ് ബാബു, എഡിറ്റിങ് - എൽ. ഭൂമിനാഥൻ, കലാസംവിധാനം - ബോബൻ, 4കെ റീമാസ്റ്ററിങ് നിർമാണം -ഷൈൻ വി.എ, മെല്ലി വി.എ, ലൈസൺ ടി.ജെ, ഡിസ്ട്രിബ്യൂഷൻ ഹെഡ് - ഹർഷൻ.ടി, കളറിങ്- ഷാൻ ആഷിഫ് , അറ്റ്മോസ് മിക്സിങ് - ഹരി നാരായണൻ, മാർക്കറ്റിങ്- ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, പിആർഒ- വാഴൂർ ജോസ്.